തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേര് പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 12,204 പേരാണ് പനിബാധിച്ച് ഇന്ന് ചികിത്സ തേടിയത്. 173 പേർക്ക് ഡെങ്കിപ്പനിയും, 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് 4 പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര കെയർ ഹോമിലെ അന്തേവാസികളായ നാലുപേർക്കാണ് കോളറ സ്ഥീരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ സ്ഥീരികരിച്ചവരുടെ എണ്ണം 12 ആയി. വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായും മന്ത്രി പറഞ്ഞു. കെയർ ഹോം നടത്തിപ്പുകാർ പ്രത്യേക ശ്രദ്ധ പുലർത്തണം. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുണ്ട്. കൂടുതല്‍ രോഗികളെളെ പരിചരിക്കാൻ ഇവിടെ സംവിധാനമൊരുക്കി. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സ്ഥാപനത്തിന്റെ തന്നെ സ്കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു.