മലപ്പുറം: പെരിന്തൽമണ്ണയിൽ രോഗിയായ സ്ത്രീയെ പാതി വഴിയിൽ ഇറക്കിവിട്ട ഓട്ടോറിഷ ഡ്രൈവർക്കെതിരെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച്ചയായിരുന്നു രോഗിയെ പാതി വഴിയിൽ ഇറക്കി വിട്ടത്.
അഞ്ചു ദിവസം എടപ്പാളിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ക്ലാസിൽ പങ്കെടുക്കണം. മൂവായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ആശുപത്രിയിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ അങ്ങാടിപുറം സ്വദേശി ശാന്തയെ ആണ് ഇറക്കിവിട്ടത്. ആർടിഒക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ചൊവ്വാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ 78 കഴിഞ്ഞ വയോധികയെയും മകളെയുമാണ് ഇറക്കിവിട്ടത്. ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനാണ് ഓട്ടോയിൽ കയറിയത്. അങ്ങാടിപ്പുറത്തേക്കാണ് പോവേണ്ടതെന്ന് അറിയിച്ചതോടെ കൂടുതൽ വാടക നൽകേണ്ടിവരുമെന്നും വലിയ തിരക്കാണെന്നും പറഞ്ഞു. സാധാരണ നിരക്കിനെക്കാൾ അൽപം കൂട്ടി നൽകാൻ സമ്മതമായിരുന്നു. എന്നാൽ, പ്രധാന നിരത്തിൽ വഴിയിൽ ഇറക്കിവിടുകയായിരുന്നു.
കാരണമില്ലാതെ ദേഷ്യപ്പെട്ടതായും അസഭ്യം പറഞ്ഞതായും മകൾ രജനി പെരിന്തൽമണ്ണ സബ് ആർ.ടി.ഒ ഓഫിസിൽ ജോയന്റ് ആർ.ടി.ഒക്ക് പരാതി നൽകി. മോട്ടോർ വാഹന അസി. ഇൻസ്പെക്ടർ മയിൽരാജിന്റെ നേതൃത്വത്തിൽ ഓട്ടോഡ്രൈവറെ കണ്ടെത്തി മൊഴിയെടുത്താണ് നടപടി സ്വീകരിച്ചത്. കേന്ദ്ര മോട്ടോർ വാഹന നിയമം സെക്ഷൻ 19, 21, കെ.എം.വി.ആർ 46 എന്നീ വകുപ്പുകൾപ്രകാരമാണ് നടപടി.