കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് ജൂലൈ 15 മുതൽ ദിവസവും 12 അധിക സർവിസുകൾ ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ. ഈ വർഷം ഇതുവരെ 1,64,27,568 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചിട്ടുണ്ട്.
2024 ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ കൂട്ടിച്ചേർക്കൽ ലക്ഷ്യമിടുന്നു.
നിലവിൽ രാവിലെ എട്ട് മുതൽ 10 വരെയും വൈകുന്നേരം നാല് മുതൽ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള സമയവ്യത്യാസം ഏഴ് മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഇത് ഏഴ് മിനിറ്റായി ചുരുങ്ങും.