നിലമ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ആഢ്യന്‍പാറ പുഴയ്ക്ക് അക്കരെ കുടുങ്ങിയ മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. വെള്ളിയാഴാച രാത്രി 8.30-ഓടെയാണ് ഇവരെ ഇക്കരെയെത്തിച്ചത്. മാർത്തോമ കോളേജിൽനിന്ന് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗ സംഘത്തിലെ മൂന്ന് പേരായിരുന്നു പുഴയ്ക്ക് അക്കരെ അകപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് ഇവർ സംഘംചേർന്ന് വെള്ളച്ചാട്ടം കാണാനെത്തിയത്. പിന്നീട്, അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ പുഴയുടെ അക്കരെ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് ഇവരെ രക്ഷിച്ചത്. ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹൽ എന്നിവരാണ് വനംത്തിൽ കുടുങ്ങിയത്. പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായതോടെയാണ് മൂന്നു പേർ അക്കരയും മൂന്നു പേർ ഇക്കരയുമായത്.
വൈകീട്ട് 6.30-ഓടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന്, രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് വിദ്യാർഥികളെ രക്ഷിച്ചത്. മൂന്ന് പേരും സുരക്ഷിതരാണെന്ന് അഗ്നി രക്ഷാസേന അറിയിച്ചു. പുഴക്ക് കുറുകെ കയർ കെട്ടിയാണ് യുവാക്കളെ കരക്കെത്തിച്ചത്.