ന്യൂഡല്‍ഹി: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിനെതിരായ ഹർജി തള്ളണമെന്ന് എൻഐഎ സുപ്രീംകോടതിയിൽ. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
എൻഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽചെയ്തത്. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ രീതി. ഇങ്ങനെ തടസം നിൽക്കുന്നവരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിട്ടുണ്ട്. ആ പട്ടികയിലെ ഒരാൾ മാത്രമാണ് കൊല്ലപ്പെട്ട ശ്രീനിവാസനെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎപിഎയുടെ പരിധിയിൽ വരുമെന്നും എൻഐഎ വ്യക്തമാക്കുന്നു.