കാഠ്മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിൽ കാണാതായ 60 ലേറെ പേരിൽ ഏഴ് ഇന്ത്യക്കാരും. സന്തോഷ് താക്കൂർ, സുരേന്ദ്ര സാ, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിവരാണ് കാണാതായ ഇന്ത്യക്കാർ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ശക്തമാണ്.
കാഠ്മണ്ഡുവിൽനിന്ന് 100 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിൽ സിമൽതാലിലായിരുന്നു ഉരുൾപൊട്ടൽ. അപകടത്തില്‍ രണ്ട് ബസുകൾ ഒലിച്ചുപോയി. നാരായൺഘട്ട്-മുഗ്ളിങ് റോഡിന് സമീപം കരകവിഞ്ഞൊഴുകിയ ത്രിശൂലി നദിയിലാണ് ബസുകൾ ഒലിച്ചുപോയത്. വെള്ളിയാഴ്ച പുലർച്ച 3.30ഒാടെയായിരുന്നു സംഭവം.
ബിർഗഞ്ച് മുതൽ കാഠ്മണ്ഡു വരെ പോകുന്ന എഞ്ജൽ ബസിൽ 24 പേരും ഗൗറിലേക്ക് പോകുകയായിരുന്ന ഗണപതി ഡീലക്സ് ബസിൽ 41 പേരുമാണുണ്ടായിരുന്നത്. ഗണപതി ബസിൽനിന്ന് മൂന്നുപേർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
ബസുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡ അറിയിച്ചു.
നേപ്പാളില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണു തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍നിന്ന് ചിത്വാനിലെ ഭരത്പൂരിലേക്കുള്ള എല്ലാ വിമാന സര്‍വിസുകളും റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവര്‍ഷ ദുരന്തങ്ങളില്‍ 74 പേരാണു മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.