ഒരു കുന്നിന്‍ മുകളില്‍ സ്വസ്ഥമായി ഇരുന്നു കോഴിക്കോടിന്റെ ഭംഗി ആസ്വദിക്കണം എന്നുണ്ടോ? സൂര്യാസ്തമയവും സൂര്യോദയവും അധികം ദൂരം താണ്ടാതെ ഈ കുന്നിന്‍ മുകളില്‍ കയറി ഇരുന്ന് കാണാം. സ്ഥലം മറ്റെവിടെയുമല്ല, പൊന്‍പാറക്കുന്ന് തന്നെ. കോഴിക്കോട്ടുകാര്‍ക്ക് പോലും സുപരിചിതമല്ലാത്ത ഒരു വൈബ് സ്ഥലം. കോഴിക്കോട് ജില്ലയിലെ പെരുവയല്‍ ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വ്യൂ പോയിന്റാണ് പൊന്‍പാറക്കുന്ന്. കുന്നിന്‍ പ്രദേശത്തിന് ചുറ്റും മനോഹരമായ കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് പറയപ്പെടുന്ന കോഴിക്കോട്ടെ ഒരു കുന്ന് കൂടിയാണിത്.
പെരുവയലില്‍ നിന്നും മാവൂര്‍ റോഡിലൂടെ കുറച്ച പോയ ശേഷം മുകളിലേക്ക് ഒരു ചെറിയ ഓഫ്റോഡ് കേറണം. എടികോട് അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള ഒരു കമാനം കാണാം. അവിടുന്ന് ചരല് നിറഞ്ഞ വഴിയിലൂടെ ഒരു ഒന്നര കിലോമീറ്റര്‍ പോയാല്‍ വഴി അവസാനിക്കുന്നത് വെട്ടുകള്‍ ക്വാറിയിലേക്കാണ്. അവിടെ വാഹനം പാര്‍ക്ക് ചെയ്ത് നടന്നു കയറാം. ഏകദേശം 2 കിലോമീറ്ററിലധികം നടന്നു കയറണം പൊന്‍പാറക്കുന്നിന്റെ ഉച്ചിയിലേക്കെത്താന്‍.
ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെയാണ് നടത്തം. വൈകുന്നേരമാണ് പോകുന്നതെങ്കില്‍ വെയിലിനും പാറപ്പുറത്തിനുമെല്ലാം ചൂട് കൂടുതലായിരിക്കും. രാവിലെ 6 മണിക്ക് മുമ്പോ വൈകുന്നേരം 4 മണിക്ക് ശേഷമോ ആണ് സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മുകളിലെത്താന്‍ ശരിയായ റോഡോ പാതയോ ഇല്ലെന്നുളളത് മടുപ്പിക്കുന്ന കാര്യമായിരിക്കാം, എന്നാല്‍ നിങ്ങള്‍ മുകളിലെത്തിക്കഴിഞ്ഞാല്‍ അവിടെ നിന്നുള്ള കാഴ്ച മാത്രമേ പിന്നെ അങ്ങോട്ട് മനസില്‍ കാണൂ. ശാന്തതയുടെയും മനസ്സിനെ സ്പര്‍ശിക്കുന്ന കാഴ്ചകളുടെയും ഒരു സ്പന്ദനം കണ്ടെത്താന്‍ കഴിയുന്ന സ്ഥലമാണിത്.
നിങ്ങളുടെ പ്രിയപെട്ടവരുമായി സൂര്യാസ്തമയവും സൂര്യോദയവും ആസ്വദിക്കാന്‍ പറ്റിയ ഏറ്റവും മികച്ച, ശാന്തമായ, ഊര്‍ജ്ജസ്വലമായ, സമാധാനപരമായ സ്ഥലമാണിത്. തൊട്ടടുത്ത ഗ്രാമമായ പെരുവയലിലെ വിദൂരകായ്ച്ച ഇവിടെ നിന്നും നിങ്ങള്‍ക്ക് ആസ്വദിക്കാം. ചിലസമയങ്ങളില്‍ നിങ്ങള്‍ക്കിവിടെ കോടമഞ്ഞും കാണാന്‍ സാധിക്കും. പകല്‍ വെളിച്ചം കുറയുന്നതിനുമുമ്പ് താഴേക്കിറങ്ങുന്നതാണ് നല്ലത്. കാരണം രാത്രിയില്‍ താഴേക്ക് ഇറങ്ങുന്നത് വളരെ അപകടകരമാണ്. കോഴിക്കോട് ടൗണില്‍ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ അകലെയായിട്ടാണ് പൊന്‍പാറകുന്ന് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് കോഴിക്കോട് ബീച്ച്.