മനാമ: ബഹ്റൈനില്‍ വിമാന ടിക്കറ്റ് കുറഞ്ഞ നിരക്കില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. സംഭവത്തില്‍ 56കാരനെ പിടികൂടി. മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്. ബഹ്റൈനിലാണ് സംഭവം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി പരസ്യം നല്‍കിയാണ് ഇയാള്‍ ആളുകളെ തട്ടിപ്പിനിരയാക്കിയത്. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് ഇയാള്‍ പരസ്യം നല്‍കിയിരുന്നത്. സാധാരണ നിരക്കിന് ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം പിന്നീട് കാന്‍സല്‍ ചെയ്ത് റീഫണ്ട് ലഭിക്കുന്ന പണം കൈക്കലാക്കുകയായിരുന്നു. നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
നിലവില്‍ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ലൈസന്‍സ് ഉള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നും അപരിചിതരായ വ്യക്തികളുമായി ഇത്തരം ഇടപാടുകള്‍ നടത്തരുതെന്നും മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.