ദുബായ്: യുഎഇയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് കഴിഞ്ഞ 21 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്. കഴിഞ്ഞ ദിവസം 50 ഡിഗ്രി സെല്‍ഷ്യസിനുമുകളിലാണ് യുഎഇയില്‍ പല പ്രദേശങ്ങളിലും ചൂട് രേഖപ്പെടുത്തിയത്. ദിനംപ്രതി ചൂട് വര്‍ധിച്ചുവരുകയാണ് രാജ്യത്ത്. അതേസമയം കനത്ത ചൂടിനിടയിലും രാജ്യത്ത് ചിലയിടങ്ങളില്‍ മഴപെയ്തതും ആശ്വാസമായി.
അല്‍ഐന്‍, അബുദാബിയുടെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച നേരിയതോതില്‍ മഴയുണ്ടായത്. വ്യാഴാഴ്ച രാവിലെമുതല്‍ ഷാര്‍ജയില്‍ അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഷാര്‍ജയില്‍ ചൂട് ഇതുകാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് കനക്കുന്നതിനിടെ യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നത് ലക്ഷ്യമാക്കി സൗജന്യ ഐസ്‌ക്രീം വിതരണവുമായി ദുബൈ മെട്രോ രംഗത്തെത്തിയിരുന്നു. ‘ബീറ്റ് ദ ഹീറ്റ് അറ്റ് യുവര്‍ മെട്രോ സ്റ്റോപ്’ എന്ന കാമ്പയിനോടനുബന്ധിച്ചാണ് വ്യത്യസ്തമായ സംരംഭവുമായി അധികൃതര്‍ രംഗത്തെത്തിയത്.
ബുധനാഴ്ച്ച മശ്രിഖ്, ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനുകളിലും വ്യാഴാഴ്ച ഇക്വിറ്റി, ഓണ്‍പാസിവ് മെട്രോ സ്റ്റേഷനുകളിലുമാണ് ഐസ്‌ക്രീം വിതരണം നടത്തിയത്. ചൂട് ഏറ്റവും കനക്കുന്ന രാവിലെ 11 മുതല്‍ ഉച്ച ഒരു മണി വരെയുള്ള സമയത്താണ് യാത്രക്കാര്‍ക്ക് ഐസ്‌ക്രീം ലഭിക്കുകയെന്നും സമൂഹ മാധ്യമങ്ങള്‍ വഴി റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.