India

കര്‍ഷകര്‍ക്ക് നേരെ തോക്ക് ചൂണ്ടി: പൂജ ഖേദ്കറുടെ അമ്മയ്ക്കെതിരെ ആയുധ നിയമപ്രകാരം കേസ് /Pointing gun at farmers: Pooja Khedkar’s mother booked under Arms Act

പൂജ ഖേദ്ക്കറിനെതിരേ കര്‍ശന നടപടിക്കും സാധ്യത

വിവാദ ഐ.എ.എസ് ഓഫീസര്‍ പൂജ ഖേദ്കറിന്റെ അമ്മ കര്‍ഷകരെ പിസ്റ്റള്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയതിന് അഴര്‍ക്കെതിരേ പൂനെ പോലീസ് കേസെടുത്തു. ആയുധ നിയമ പ്രകാരമാണ് കേസ്. കര്‍ഷകനെ തോക്കു ചൂണ്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൂനെ പോലീസ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം. കര്‍ഷകന്റെ പരാതിയെ തുടര്‍ന്നാണ് പൂജ ഖേദ്കറിന്റെ മാതാപിതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. പൂജയുടെ പിതാവ് പൂനെയിലെ മുല്‍ഷിയില്‍ 25 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ പൂജയുടെ അമ്മ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോ. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് വൈറലാകുന്നത്.

മനോരമ ഖേദ്കറിനും ദിലീപ് ഖേദ്കറിനും എതിരെ കേസെടുത്തതോടെ വിവാദ ഐ.എ.എസ് ഓഫീസര്‍ പൂജ ഖേദ്ക്കര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 323, 504, 506, 143, 144, 147, 148, 149 എന്നീ വകുപ്പുകളും ഇന്ത്യന്‍ ആയുധ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷമെങ്കിലും പഴക്കമുള്ളതായി പറയപ്പെടുന്ന വീഡിയോ പൂനെ റൂറല്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിഷയം ഗുരുതരമായത്. ഖേദ്കറിന്റെ അമ്മ മനോരമ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് പൂനെയിലെ മുല്‍ഷി തഹസില്‍ കര്‍ഷകരെ പിസ്റ്റള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട് വീഡിയോയില്‍.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ മുല്‍ഷി തഹസില്‍ 25 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. ഈ ഭൂമിയുടെ ഉടമസല്ഥാവകാശം സംബന്ധിച്ച തര്‍ക്കതിലാണ് മനോരമ തോക്ക് എടുത്ത് ഭീ,ണി ഉയര്‍ത്തുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബൗണ്‍സര്‍മാരുടെ അകമ്പടിയോടെ മനോരമ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരാളുമായി തര്‍ക്കിക്കുന്നത് കാണാം. നികുതി പിരിവ് ആവശ്യങ്ങള്‍ക്കായി സംസ്ഥാന റവന്യൂ വകുപ്പ് സൂക്ഷിച്ചിരുന്ന ‘സാത്-ബാര-ഉതാര’ എന്ന രേഖ തന്റെ പേരിലുണ്ടെന്ന് മറാത്തി ഭാഷയില്‍ മനോരമ ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘നിങ്ങള്‍ തന്നെയായിരിക്കാം യഥാര്‍ത്ഥ ഉടമ.

എന്നാല്‍ ഈ സ്ഥലവും എന്റെ പേരിലുണ്ട്. അപ്പോള്‍ വിഷയം കോടതിയിലായാലോ? എല്ലാം നിങ്ങള്‍ എങ്ങനെ എടുക്കുന്നുവെന്ന് ഞാന്‍ നോക്കാം. എനിക്ക് ആരെയും പേടിയില്ല എന്നാണ് മനോരമ പറയുന്നത്. ‘പക്ഷേ മാഡം, കോടതിയുടെ തീരുമാനം ഇതുവരെ വന്നിട്ടില്ല, ഇപ്പോഴും ഈ സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ ഞാനാണ് എന്നണ് ആ വ്യക്തി പറയുന്നത്. മനോരമയ്ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കേഡറിലെ 2023 ബാച്ച് ഐ.എ.എസ് ഓഫീസറായ പൂജ ഖേദ്കര്‍ തന്റെ അനുചിതമായ ആവശ്യങ്ങളും അച്ചടക്കരാഹിത്യവും കാരണം പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയതിന് ശേഷം അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ച് പരിച്ചു വിടുമെന്നാണ് സൂചനകള്‍. തന്റെ ആഡംബര ഓഡി കാറില്‍ അവര്‍ അനധികൃതമായി ബീക്കണും മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റെ ചിഹ്നവും സ്ഥാപിച്ചിരുന്നു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (ഐഎഎസ്) തന്റെ സ്ഥാനം ഉറപ്പാക്കാന്‍ മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) ആനുകൂല്യങ്ങളും വൈകല്യ ഇളവുകളും അവര്‍ നേടിയതായും ആരോപണമുണ്ട്. ഇവരുടെ പെരുമാറ്റവും തിരഞ്ഞെടുപ്പ് പ്രക്രിയയും അന്വേഷിക്കാന്‍ കേന്ദ്രം ഏകാംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

സ്വകാര്യ ആഡംബരക്കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതുള്‍പ്പെടെയുള്ള അച്ചടക്കലംഘനത്തിന് കര്‍ശന നടപടിക്ക് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചനകള്‍. പൂജയ്‌ക്കെതിരെ കേന്ദ്രം നിയോഗിച്ച ഏകാംഗ കമ്മിറ്റി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വീഴ്ചകള്‍ കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും വ്യാജരേഖ ചമച്ചതിനു കേസെടുക്കാനുമാണ് നീക്കം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാള്‍ എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും, കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും കമ്മിറ്റി അന്വേഷിക്കും. ശരിയായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണോ നല്‍കിയതെന്നാണ് പരിശോധിക്കുന്നത്.

സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേന്ദ്രത്തെക്കുറിച്ചും അന്വേഷണം ഉണ്ടാകും. പിന്നാക്ക വിഭാഗത്തിലുള്ള ആളാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്. കാഴ്ചപരിമിതിയുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ആരോഗ്യസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പൂജയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച ആരോഗ്യപരിശോധനകളും പൂര്‍ത്തിയാക്കിയിട്ടില്ല. കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം അന്വേഷണ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാരിനു കൈമാറും. തെറ്റു കണ്ടെത്തിയാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഉദ്യോഗസ്ഥയെ പിരിച്ചുവിടാം. മഹാരാഷ്ട്ര കേഡറിലുള്ള ഉദ്യോഗസ്ഥയാണ് പൂജ.

പൂജ ഉപയോഗിച്ചിരുന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ആഡംബരക്കാര്‍ സ്വകാര്യ എന്‍ജിനീയറിങ് കമ്പനിയുടേതാണെന്നു കണ്ടെത്തിയതിനു പിന്നാലെ കാറുടമയ്ക്ക് പുണെ ആര്‍.ടി.ഒ നോട്ടിസ് അയച്ചിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈ വാഹനത്തിന് 21 തവണയായി 26,000 രൂപയുടെ ചെല്ലാന്‍ ലഭിച്ചെങ്കിലും പിഴ അടച്ചിട്ടില്ല. കാറില്‍ ‘മഹാരാഷ്ട്ര സര്‍ക്കാര്‍’ എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു. കാര്‍ ഉടന്‍ ഹാജരാക്കാനാണ് ആര്‍.ടി.ഒ നോട്ടിസ് നല്‍കിയത്. പൂജയ്ക്കു 22 കോടിയുടെ സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കേസിനു പിന്നാലെയാണ് പൂജ ഖേദ്ക്കറുടെ മാതാവിനെതിരേ ആയുധ നിയമപ്രകാരമുള്ള കേസ് കൂടി വരുന്നത്.

CONTENT HIGHLIGHTS;Pointing gun at farmers: Pooja Khedkar’s mother booked under Arms Act