Kerala

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് ജനങ്ങള്‍ വിലയിരുത്തട്ടെ; പിണറായി വിജയന്റെ അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിന്റെ അടുത്തെത്തുന്ന പരിപാടിയെന്നും വി.ഡി. സതീശന്‍ \Vizhinjam Port Inauguration: Let the people judge the fact that the opposition leader was not invited; Pinarayi Vijayan’s claim that the program will come close to Ettukali Mammounj and V.D. Satishan

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ കേരളം അഭിമാനിക്കണം. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ലെന്നതിന്റെ പേരില്‍ പരിപാടി പൂര്‍ണമായും ബഹിഷ്‌ക്കരിക്കുന്നത് യു.ഡി.എഫിന്റെ രീതിയല്ല. വിഴിഞ്ഞം തുറമുഖം യു.ഡി.എഫ് സര്‍ക്കാര്‍ കഷ്ടപ്പെട്ട് കൊണ്ടു വന്ന പദ്ധതിയാണ്. അത് യു.ഡി.എഫിന്റെ കുട്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കെ. കരുണാകരന്‍ സര്‍ക്കാരില്‍ എം.വി രാഘവന്‍ തുറമുഖ വകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണ് ഡിസൈനും എന്‍ജിനീയറിങും പൂര്‍ത്തിയാക്കിയത്.

പിന്നീടത് യാഥാര്‍ത്ഥ്യത്തില്‍ എത്തിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ തീരുമാനം എടുത്തത് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമാണ്. 6000 കോടിയുടെ അഴിമതിയാണെന്നും കടല്‍ക്കൊള്ളയാണെന്നും പറഞ്ഞ ആളാണ് പിണറായി വിജയന്‍. മത്സ്യബന്ധനമാകെ തകരാറിലാകുമെന്നും പൂവാര്‍ മുതല്‍ നീണ്ടകരവരെ കടലില്‍ ഇറങ്ങാന്‍ പറ്റില്ലെന്നും പറഞ്ഞ് മത്സ്യത്തൊഴിലാളികളെ ഇളക്കി വിടാനാണ് അന്ന് ശ്രമിച്ചത്. എന്നാല്‍ യു.ഡി.എഫ് ബഹിഷ്‌ക്കരിക്കാനോ കരിദനം ആചരിക്കാനോ ശ്രമിക്കാതെ ക്രിയാത്മകമായ പ്രതിപക്ഷമായി. പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് വിളിക്കാത്ത നടപടി ജനങ്ങള്‍ വിലയിരുത്തട്ടെ.

പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായ 5500 കോടിയില്‍ എട്ടു കൊല്ലം കൊണ്ട് 850 കോടി മാത്രമാണ് നല്‍കിയത്. റെയില്‍- റോഡ് കണക്ടിവിറ്റുകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കപ്പല്‍ എത്തിയാല്‍ മാത്രം പോര. ചരക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തണം. അതിന് വേണ്ടിയുള്ള ഗതാഗത സംവിധാനം അടിയന്തിരമായി ഒരുക്കണം. എട്ട് വര്‍ഷമായി ഈ സര്‍ക്കാര്‍ തുറമുഖത്തിന് ഒരു പണിയും ചെയ്തിട്ടില്ല. തുറമുഖത്തിന് വേണ്ടി കടല്‍ ഭിത്തി കെട്ടുമ്പോള്‍ ഇരകളായി മാറുന്നവര്‍ക്കു വേണ്ടി 472 കോടിയുടെ പുനരധിവാസ പദ്ധതിക്കുള്ള ഉത്തരവും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

എന്നാല്‍ ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. തുറമുഖത്തിന്റെ നാള്‍വഴികള്‍ പ്രസംഗിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം വിസ്മരിച്ചതിലൂടെ മുഖ്യമന്ത്രി തന്നെയാണ് ചെറുതായി പോയത്. വിഴിഞ്ഞ പദ്ധതിയെയാകെ ഹൈജാക്ക് ചെയ്ത പിണറായി വിജയനെ എട്ടുകാലി മമ്മൂഞ്ഞെന്ന് വിളിക്കുന്നില്ല. എന്നാല്‍ അതിന്റെ അടുത്ത് എത്തുന്ന പരിപാടിയാണ് അദ്ദേഹം ചെയ്തതെന്നും വി.ഡി. സതീശന്‍ തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

CONTENT HIGH LIGHTS; Vizhinjam Port Inauguration: Let the people judge the fact that the opposition leader was not invited; Pinarayi Vijayan’s claim that the program will come close to Ettukali Mammounj and V.D. Satishan