ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകളെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പാരഡി അക്കൗണ്ടില്‍ വന്നതിന് പിന്നാലെ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ പേരിലുള്ള പാരഡി അക്കൗണ്ട് ട്വീറ്റ് ചെയ്തത്.
ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് പാരഡി അക്കൗണ്ട് ട്വീറ്റ് ചെയ്തിരുന്നത്. ഓം ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി. ഓം ബിര്‍ലയുടെ മകള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഹാജരാകാതെ പാസായതായി ഇയാള്‍ എക്സ് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതായി സംസ്ഥാന സൈബര്‍ വകുപ്പ് അറിയിച്ചു. അപകീര്‍ത്തിപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വം അപമാനിക്കല്‍, ദുരുദ്ദേശ്യത്തിലേക്ക് നയിക്കുന്ന പ്രസ്താവന, ഐടി ആക്റ്റ് എന്നിവയ്ക്ക് ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) വകുപ്പുകള്‍ പ്രകാരമാണ് യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
അഞ്ജലിയുടെ ബന്ധുവായ നമാന്‍ മഹേശ്വരിയാണ് സംഭവത്തില്‍ ധ്രുവ് റാഠിക്കെതിരേ പരാതിയുമായി മഹാരാഷ്ട്ര സൈബര്‍ സെല്ലിനെ സമീപിച്ചത്. 2019-ല്‍ ആദ്യത്തെ പരിശ്രമത്തില്‍ തന്നെ അഞ്ജലി യു.പി.എസ്.സി. പരീക്ഷ വിജയിച്ചതായാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ധ്രുവ് റാഠിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം സന്ദേശം പ്രചരിച്ചത് ഒരു പാരഡി അക്കൗണ്ടിലൂടെയാണെന്ന യൂട്യൂബറിന്റെ പരാതിയിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. നിര്‍ദ്ദേശിച്ച പ്രകാരം, അഞ്ജലി ബിര്‍ളയെക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്തെന്നും വസ്തുതകളെക്കുറിച്ച് അറിയാതെ മറ്റൊരാളുടെ ട്വീറ്റുകള്‍ പകര്‍ത്തുകയായിരുന്നുവെന്നും വിഷയത്തില്‍ ക്ഷമാപണം നടത്തി ഈ അക്കൗണ്ട് പോസ്റ്റിറക്കി.
അക്കൗണ്ടിന്റെ എക്സ് ബയോയില്‍ ഇങ്ങനെ പറയുന്നു, ”ഇത് ഫാന്‍, പാരഡി അക്കൗണ്ടാണ്, @dhruv_rathee എന്നയാളുടെ യഥാര്‍ത്ഥ അക്കൗണ്ടുമായി അഫിലിയേറ്റ് ചെയ്തിട്ടില്ല. ആരെയും ആള്‍മാറാട്ടം നടത്തുന്നില്ല. ഈ അക്കൗണ്ട് പാരഡിയാണ്. ആരോപിക്കപ്പെടുന്ന വ്യാജ സന്ദേശം പോസ്റ്റ് ചെയ്തത് ഒരു പാരഡി അക്കൗണ്ടാണെന്നും മിസ്റ്റര്‍ റാഠിയുടേതല്ലെന്നും ചൂണ്ടിക്കാണിച്ചപ്പോള്‍, ”ഞങ്ങള്‍ വിഷയം അന്വേഷിക്കുകയാണ്,”ഇതാണ് മഹാരാഷ്ട്രാ സൈബര്‍ പോലീസ് പറയുന്നത്.
CONTENT HIGHLIGHTS; Case against Dhruv Rathi: Complaint that he insulted Speaker Ombirla’s daughter