ഹെവി വെഹിക്ള്‍ ഡ്രൈവിങ് ടെസ്റ്റിന് ‘സ്മാര്‍ട്ട്’ സംവിധാനം സജ്ജീകരിച്ച് റാസല്‍ഖൈമ. ട്രാഫിക് ആൻഡ് ലൈസന്‍സിങ് സര്‍വിസ് സെന്റര്‍, ഇലക്ട്രോണിക് സര്‍വിസസ് ആൻഡ് ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ്, ജനറല്‍ റിസോഴ്സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയുള്ള സംരംഭത്തിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവി മേജര്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി നിര്‍വഹിച്ചു.
ഹെവി വാഹനങ്ങളുടെ സ്മാര്‍ട്ട് ടെസ്റ്റിങ്ങിന് ആഭ്യന്തര മന്ത്രാലയത്തിന്റെ എം.ഒ.ഐ ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍മാരുടെ എല്ലാ വശങ്ങളും പുതിയ സ്മാര്‍ട്ട് സിസ്റ്റത്തിലൂടെ ലഭ്യമാകും. പരീക്ഷയില്‍ തോല്‍വി പിണഞ്ഞാല്‍ അതിന്റെ കാരണങ്ങള്‍ സുതാര്യമായി ഉപഭോക്താവിന് അറിയാന്‍ കഴിയും. ഇത് ഉപഭോക്താവിന് ശരിയായ രീതിയില്‍ പരിശീലനത്തിലേര്പ്പെടാനും പിശകുകള്‍ ഇല്ലാതെ അടുത്ത ടെസ്റ്റില്‍ വിജയിക്കാനും സഹായിക്കും. ഹെവി വാഹന ഡ്രൈവിങ് കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ടെസ്റ്റ് ഫലങ്ങളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനും സ്മാര്‍ട്ട് സിസ്റ്റം വഴിവെക്കും.
പരീക്ഷയിലേര്പ്പെടുന്നവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിലൂടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവര്‍ മാത്രമാണ് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതെന്ന് ഉറപ്പുവരുത്തുന്നതുകൂടിയാണ് പുതിയ സ്മാര്‍ട്ട് സംവിധാനമെന്നും അധികൃതര്‍ പറയുന്നു. ടെസ്റ്റ് പ്രക്രിയകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന സ്മാര്‍ട്ട് സംവിധാനം നിർമിത ബുദ്ധി, നാലാം വ്യവസായിക വിപ്ലവം എന്നിവയില്‍ യു.എ.ഇ നയങ്ങൾക്കനുസൃതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നൂതന സാങ്കേതിക വിദ്യ, ആപ്ലിക്കേഷനുകള്‍, സ്മാര്‍ട്ട് സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതിലൂടെ ട്രാഫിക്-പൊലീസ് ലക്ഷ്യങ്ങള്‍ വികസിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിവര സംവിധാനവുമായി ബന്ധിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നു. റാക് പൊലീസ് ട്രാഫിക് ആൻഡ് ലൈസന്‍സിങ് സര്‍വിസസ് സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് അബ്ദുർറഹ്മാന്‍ അല്‍അഹ്മദ്, ഇലക്ട്രോണിക്സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവരും ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.