ഷൊർണൂരിന്റെ ചരിത്രത്തിൽ പ്രമുഖ സ്ഥാനമുള്ള ഒരു വ്യക്തിയാണ് കുളപ്പുള്ളി മൊഹ്‌യുദ്ധീൻ പള്ളിയിലെ ഈ മഖാമിൽ ഖബറടങ്ങിയിരിക്കുന്നത്. കൈത്തക്കര മൊഹിയുദ്ധീൻ കുട്ടിമുസ്ലിയാർ എന്നൊരു സൂഫി സിദ്ധവൈദ്യൻ.
565 നാട്ടുരാജ്യങ്ങളും മറ്റ് എണ്ണമറ്റ മാടമ്പിനാടുകളും ഉണ്ടായിരുന്ന, സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇന്ത്യാ മഹാരാജ്യത്ത്, ഇരുപതാം നൂറ്റാണ്ടിലും മുസ്‌ലിം ജനവിഭാഗത്തിന് താമസ വിലക്കുണ്ടായിരുന്ന ഏക ദേശം നമ്മുടെ കേരളത്തിലായിരുന്നു എന്നത് അത്ഭുതമുളവാക്കുന്ന വസ്തുതയത്രേ. സാമൂതിരിക്കും കൊച്ചിക്കും, തിരുവിതാംകൂറിനുമിടയിൽ അസാമാന്യ മെയ്‌വഴക്കത്തോടെ നൂറ്റാണ്ടുകൾ പിടിച്ചുനിന്ന മൂപ്പിൽ നായന്മാരുടെ കവളപ്പാറ രാജ്യമാണത്. ഇന്നത്തെ ഷൊർണൂർ-ഒറ്റപ്പാലം മേഖലകളിലെ 96 ദേശങ്ങൾ ഉൾക്കൊണ്ടിരുന്ന പ്രദേശം. ഇവിടെ മുസ്ലീങ്ങൾക്ക് കച്ചവടം ചെയ്യാമായിരുന്നു എങ്കിലും അന്തി മയങ്ങാൻ പാടില്ല എന്നതായിരുന്നു നിയമം. “മേട് മുതൽ തോട് വരെ” ആയിരുന്നു വിലക്ക്. പടിഞ്ഞാറ് ഓങ്ങല്ലൂർ മേട് മുതൽ കിഴക്ക് ഒറ്റപ്പാലത്തെ കണ്ണിയംപുറം തോട് വരെ.
ഈ വിലക്കിലേക്ക് നയിച്ച കാരണങ്ങൾ പലതും പറഞ്ഞു കേൾക്കുന്നുണ്ട്. വാണിയംകുളം ചന്തയിലെ വ്യാപാരിയായിരുന്ന ഒരു പട്ടാണിയുടെ മകൻ, രാജകുടുംബത്തിലെ യുവതിയെ “ലവ് ജിഹാദ്” നടത്തിയത് മുതൽ, സാമൂതിരിയുടെ വിശ്വസ്ത പടയാളികളായിരുന്ന മാപ്പിളമാരെ കോഴിക്കോടിന്റെ ചാരന്മാരായി മൂപ്പിൽനായർ ഭയന്നിരുന്നത് വരെ! എന്തായാലും അത്തരമൊരു “മാപ്പിള വിലക്ക്” നിലവിലുണ്ടായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. ഇന്നും കവളപ്പാറ കൊട്ടാരത്തിന് രണ്ട് കിമീ ചുറ്റളവിൽ മുസ്ലിം വാസമില്ല! എന്നാൽ പഴയ നാട്ടുരാജ്യത്തിന്റെ അതിർത്തികളായ പട്ടാമ്പി ഓങ്ങല്ലൂരും, ഒറ്റപ്പാലവും, ചെറുതുരുത്തിയുമൊക്കെ മുസ്‌ലിം കേന്ദ്രങ്ങളാണുതാനും!
ഈ വിലക്ക് നീങ്ങിയതുമായി ബന്ധപ്പെട്ടാണ് ആദ്യം സൂചിപ്പിച്ച സൂഫി മുസ്‍ലിയാരുടെ കഥ. കഴിഞ്ഞ നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽ കവളപ്പാറ ഭരിച്ചിരുന്ന അപ്പുക്കുട്ടനുണ്ണി മൂപ്പിൽ നായർക്ക് ഒരിക്കൽ കലശലായ ഒരസുഖം പിടിപെടുകയുണ്ടായി. അദ്ദേഹത്തിനല്ല, കൊട്ടാരത്തിലെ മറ്റൊരു അന്തേവാസി സ്ത്രീക്കാണ് അസുഖം ബാധിച്ചതെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ഒരുപാട് വൈദ്യന്മാർ ചികിത്സിച്ചിട്ടും മാറാതിരുന്ന അസുഖം, ഷൊർണൂരിലെ മാധവ ഫാർമസി സ്ഥാപിച്ച മാധവ വൈദ്യരുടെ ശുപാർശപ്രകാരം കൊട്ടാരത്തിലെത്തിയ കൈത്തക്കര മൊഹിയുദ്ധീൻ കുട്ടിമുസ്ലിയാരെന്ന സിദ്ധ വൈദ്യന്റെ ഒറ്റമൂലിയിൽ ഭേദപ്പെട്ടു! സംപ്രീതനായ മൂപ്പിൽ നായർ കൊടുത്ത പാരിദോഷികമാണ് ഷൊർണൂരിൽ പള്ളിപണിയാൻ പതിച്ചുനൽകിയ ഏഴ് ഏക്കർ സ്ഥലവും മാപ്പിള വിലക്കിന്റെ പിൻവലിക്കലും!.
1946 ൽ നിര്യാതനായ മുസ്‍ലിയാരുടെ മയ്യത്ത് അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം കുളപ്പുള്ളിയിലെ ഈ പള്ളി പരിസരത്ത് ഖബറടക്കി.
Content highlight : A Sufi named Kaithakkara Mohiuddin Kuttimusliar