ആയുർവേദ ഔഷധ സസ്യങ്ങളിലെ റാണിയെന്നാണ് ശതാവരി അറിയപ്പെടുന്നത്. ആയുർവേദ പ്രകാരം, പ്രതിരോധശേഷി വർധിപ്പിക്കുന്ന സസ്യമാണ് ശതാവരി. ഹൃദയാരോഗ്യത്തിനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, അകാല വാർധക്യത്തിനെതിരെ പ്രവർത്തിക്കാനും, ചർമത്തിൻ്റെ ആരോഗ്യത്തിനും, ദഹനപ്രശ്നങ്ങൾക്കും, പരിഹാരമായ ആയുർവേദത്തിൽ ശതാവരിയെ കാണുന്നുണ്ട്. ധാരാളം നാരുകളും, വിറ്റാമിനുകളും, ഫോളിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്.
അസ്പരാഗസ് എന്നും ഇത് അറിയപ്പെടുന്നു. കടകളിലും മറ്റും കെട്ടുകളായി ഇതു വിൽക്കപ്പെടാറുണ്ട്. ഇനി അൽപ്പം ശതാവരി കിട്ടിയാൽ മടിക്കേണ്ട, ഒരു മെഴുക്കുപുരട്ടി തയ്യാറാക്കിക്കോളൂ. ബീൻസിൻ്റെ അതേ രുചിയായിരിക്കും. ബിൻസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഹെൽത്തി റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
വെളുത്തുള്ളി
എണ്ണ
മഞ്ഞൾപ്പൊടി
മുളകുപൊടി
ഉപ്പ്
സവാള
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി വെളുത്തുള്ളി ചതച്ചതു ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് അൽപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി അല്ലെങ്കിൽ എരിവിനനുസരിച്ച് പച്ചമുളക് അരിഞ്ഞത് എന്നിവയോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. ഇടത്തരം സവാള ചെറുതായി അരിഞ്ഞതും അൽപ്പം കറിവേപ്പിലയും ചേർത്തു വഴറ്റി, നീളത്തിൽ ചെറുതായി അരിഞ്ഞ ശതാവരി തണ്ടുകൾ ചേർത്തിളക്കി അടച്ചുവെച്ച് വേവിക്കുക.
content highlight: asparagus-stir-fry-recipe