വൈവിധ്യകരമായ പ്രകൃതിസൗന്ദര്യവും ചരിത്രസ്മാരകങ്ങളും സംസ്കാരവുമെല്ലാം സമന്വയിക്കുന്ന നാടാണ് തായ്‌ലൻഡ് . ഒരു സെക്സ് ടൂറിസം ഡെസ്റ്റിനേഷൻ എന്ന് ആഗോളതലത്തിലുള്ള ചീത്തപ്പേര് മാറ്റാനുള്ള ശ്രമങ്ങൾ ഇവിടെ കാര്യമായി നടക്കുന്നുണ്ട്. ഇപ്പോൾ കുടുംബങ്ങളും ധാരാളമായി ഇവിടെയെത്തി അവധി ആഘോഷിക്കുന്നു. ആഘോഷങ്ങൾക്കൊപ്പം ഐതിഹ്യങ്ങൾക്കും പ്രാധാന്യം നൽകുന്ന സ്ഥലമാണ് തായ് ലാൻഡ്. ആനകൾക്കാണ് ഇവിടെ ആഘോഷങ്ങളിൽ പ്രമുഖ സ്ഥാനം . ഇവിടെയുള്ള ഫ്രണ്ട്‌സ് ഒഫ് ദി ഏഷ്യന്‍ എലഫന്റ് ഫൗണ്ടേഷന്‍ ലോകത്തിലെ ആദ്യത്തെ ആനകളുടെ ആശുപത്രിയായാണ് കണക്കാക്കപ്പെടുന്നത് . അതുപോലെ തന്നെ ആനകൾക്കായൊരു ക്ഷേത്രവും ഇവിടെയുണ്ട് . അതിനെ കുറിച്ചാണ് പറയുന്നത് .നഖോൺ റാച്ചസിമ പ്രവിശ്യയിലെ വാട്ട് ബാൻ റായ് ക്ഷേത്രമാണ് എലിഫന്റ് ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്നത് .
ക്ഷേത്രത്തിനടുത്തെത്തുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് വർണ്ണാഭമായ കെട്ടിടത്തിന്റെ വശത്ത് വലിയ ആനയുടെ തല പുറത്തേക്ക് നിൽക്കുന്നതാണ്. ഒരു വലിയ തടാകത്തിന് നടുവിലാണ് ഈ ക്ഷേത്രം . കരയുമായി ബന്ധിപ്പിക്കുന്ന ഒരു പാലവുമുണ്ട്. ഈ മാസ്റ്റർപീസ് സൃഷ്ടിച്ചതിന് പിന്നിലെ ആശയം കൊണ്ടു വന്നത് ലുവാങ് ഫോർ കൂൺ പരിഷത്തോ എന്ന സന്യാസിയാണ് . ബുദ്ധമത പ്രബോധനങ്ങൾക്കുള്ള ഇടമായാണ് ക്ഷേത്രം പണിതിരിക്കുന്നത് .ക്ഷേത്രത്തിൽ എത്തുമ്പോൾ, പാലത്തിനു കാവൽ നിൽക്കുന്ന രണ്ട് വലിയ നാഗങ്ങളാണ് നിങ്ങളെ സ്വാഗതം ചെയ്യുക. വെള്ളത്തിന്റെ മറുവശത്ത്, ക്ഷേത്രത്തിന്റെ പ്രവേശന കവാടം . തുമ്പിക്കൈ ഉയർത്തി നമസ്ക്കരിക്കുന്ന രീതിയിലുള്ള ആനയുടെ കൂറ്റൻ മുഖമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് .
ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, പലരും ഈ ക്ഷേത്രത്തെ വലം വച്ച് ഇതിന്റെ രൂപഭംഗി ആസ്വദിക്കുകയാണ് ചെയ്യുക . ബുദ്ധമതത്തിലെ വിശുദ്ധ മൃഗങ്ങളുടെ സെറാമിക് പ്രതിമകളും ചുവർ പെയിന്റിംഗുകളും ഏവരെയും അത്ഭുതപ്പെടുത്തും. കൗതുകമുണർത്തുന്ന കലാസൃഷ്ടികളാൽ നിറഞ്ഞ് നിൽക്കുകയാണ് ഈ ക്ഷേത്രം. നാല് നിലകളാണ് ക്ഷേത്രം .. ബുദ്ധന്റെയും ,ലുവാങ് ഫോർ ഖുങ്ങിന്റെയും സ്വർണ്ണപ്രതിമകളും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിൻൽ പ്രവേശിക്കുന്നതിന് ചില പ്രത്യേക വസ്ത്രവും നിഷ്കർഷിച്ചിട്ടുണ്ട്. ഒപ്പം പ്രാർത്ഥിക്കുന്നവരെ മറ്റുള്ളവർ ശല്യം ചെയ്യാനും പാടില്ല എന്നത് ഇവിടെ പ്രധാന നിബന്ധനയാണ്.