Kerala

കണ്ണൂരില്‍ കാല്‍നട യാത്രക്കാരന്‍ വാഹനം തട്ടി മരിച്ച സംഭവം; വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂര്‍: ഇരിട്ടിയില്‍ വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. ഗുരുതരമായി പരിക്കേറ്റ ഇടുക്കി സ്വദേശിയായ രാജന്‍ വെള്ളിയാഴ്ച പുലര്‍ച്ചയാണ് മരിച്ചത്. അഞ്ചരക്കണ്ടി സ്വദേശി ഓടിച്ച കാറും, ആറളം സ്വദേശി ഓടിച്ച ഓട്ടോയുമാണ് വയോധികനെ ഇടിച്ചിട്ടത്.

കീഴൂരിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന രാജന്‍ ആദ്യം കാല് തെറ്റി റോഡിലേക്ക് വീണു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പിന്നാലെ പാഞ്ഞെത്തിയ രണ്ടു വാഹനങ്ങളിടിച്ച് രാജന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഇടിച്ച രണ്ടു വണ്ടികളും നിര്‍ത്താതെ കടന്നു പോവുകയായിരുന്നു. പിന്നീട് എത്തിയ വാഹനത്തിലെ ഡ്രൈവര്‍മാരാണ് രാജനെ ആശുപത്രിയില്‍ എത്തിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആറളം സ്വദേശി ഓടിച്ച ഓട്ടോയാണ് ആദ്യം ഇടിച്ചത്. പിന്നാലെ എത്തിയ അഞ്ചരക്കണ്ടി സ്വദേശിയുടെ കാറും ശരീരത്തിലൂടെ കേറി ഇറങ്ങി. സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.പരിയാരം മെഡിക്കല്‍ കോളജില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജന്‍ മരിച്ചത്.