ലണ്ടന്‍: രണ്ട് പുരുഷന്മാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസുകള്‍ തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലെ ക്ലിഫ്റ്റണ്‍ തൂക്കുപാലത്തില്‍ നിന്നും കണ്ടെടുത്തു. സംഭവത്തില്‍ ഒരാളെ യുകെ പോലീസ് അറസ്റ്റ് ചെയ്തു. തൂക്കുപാലത്തില്‍ ഒരാള്‍ സംശയാസ്പദമായി പെരുമാറിയതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്യൂട്ട്‌കേസുകള്‍ കണ്ടെടുത്തത്.
24 വയസുകാരനായ യുവാവിനെയാണ് സംഭവത്തില്‍ യുകെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുളളത്. ചോദ്യം ചെയ്യലിനായി ഇയാളെ ലണ്ടനിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും ഇതുവരെ പിടികൂടിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ യുകെ തലസ്ഥാനത്ത് നിന്ന് ബ്രിസ്റ്റോളിലേക്ക് പോയതായി തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സേന അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
പയനിയറിംഗ് എഞ്ചിനീയര്‍ ഇസംബാര്‍ഡ് കിംഗ്ഡം ബ്രൂണല്‍ രൂപകല്‍പ്പന ചെയ്ത ക്ലിഫ്റ്റണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ്, ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൂക്കുപാലങ്ങളില്‍ ഒന്നാണ്. 1864ല്‍ ഉദ്ഘാടനം ചെയ്ത, അവോണ്‍ മലയിടുക്കിനു കുറുകെയുള്ള ഈ പാലം ബ്രിസ്റ്റോളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്, കൂടാതെ നഗരത്തിന്റെ പ്രതീകം കൂടിയാണ് ഈ തൂക്കുപാലം.