തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതയ തൊഴിലാളി ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. രണ്ടാംഘട്ട തെരച്ചിലിനായി എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡൈവിങ് സംഘവും ചേരും. ഇന്നലെയെത്തിച്ച റോബോട്ടിക് സംവിധാനമുപയോഗിച്ചാണ് ഇന്ന് തിരച്ചിൽ തുടരുക.
മാൻ ഹോളിലേക്ക് ഇറങ്ങാൻ ശേഷിയുള്ള റോബോട്ടിനെയാണ് ഇന്നലെ എത്തിച്ചത്. സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായി ആരംഭിച്ച ജൻ റോബോട്ടിക്സ് കമ്പനിയുടെ റോബോട്ടിക് യന്ത്രമാണ് എത്തിച്ചിരിക്കുന്നത്. ജൻ റോബോട്ടിക്സിന്റെ യന്ത്രം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചു. ഇവ ഉപയോഗിച്ചായിരിക്കും ഇനിയുളള രക്ഷാപ്രവർത്തനം നടക്കുക.
ജോയിയെ കണ്ടെത്താൻ പലതവണ സ്കൂബ സംഘം ഇന്നലെ പലതവണ തോട്ടിലേക്കിറങ്ങിയെങ്കിലും ദുഷ്കരമായതിനാൽ തിരിച്ച് കയറുകയായിരുന്നു. ടണലിനടിയിലെ മാലിന്യം നീക്കം ചെയ്യാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് രക്ഷാസംഘത്തിന്റെ അറിയിപ്പ്.
മാലിന്യം നീക്കാൻ റെയിൽവേയുടെ കരാറെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയായി 3 ദിവസം മുൻപാണ് ജോയി എത്തിയത്. 2 അതിഥിത്തൊഴിലാളികൾക്കൊപ്പമാണു ജോയി മാലിന്യം നീക്കാനിറങ്ങിയത്. കനത്ത മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്നു കൂടി ഒഴുക്കിൽപെട്ട ജോയിക്കു കരയിൽ നിന്ന അതിഥിത്തൊഴിലാളികൾ കയർ എറിഞ്ഞുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. ഒരു സുരക്ഷാ മുൻകരുതലുമില്ലാതെയായിരുന്നു ജോലി. മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടിൽ പരേതനായ നേശമണിയുടെയും മെൽഹിയുടെയും മകനാണു ജോയി.