India

നേപ്പാളില്‍ നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പൗരന്‍റെ മൃതദേഹം കണ്ടെടുത്തു | The body of an Indian citizen has been recovered after the bus fell into the river in Nepal

കാഠ്മണ്ഡു: നേപ്പാളിലെ മദൻ-ആശ്രിത് ഹൈവേയിൽ നിന്ന് നദിയിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പൗരന്‍റെ മൃതദേഹം കണ്ടെടുത്തു. റിഷി പാൽ ഷാഹിയുടെ മൃതദേഹമാണ് കണ്ടെടുത്തത്.

ചിത്വാൻ ജില്ലയിലെ നാരായണി നദിയിൽ പകുതി മണൽ മൂടിയ നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ കൈവശം ഇന്ത്യൻ ഐഡി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്-മഗ്ലിംഗ് റോഡിനോട് ചേർന്നുള്ള സിമാൽട്ടൽ മേഖലയിൽ വെള്ളിയാഴ്‌ച ഉണ്ടായ മണ്ണിടിച്ചിലിൽ ഏഴ് ഇന്ത്യക്കാരുൾപ്പെടെ 54 യാത്രക്കാരുമായി പോയ രണ്ട് ബസുകളാണ് ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോയത്. സന്തോഷ് താക്കൂർ, സുരേന്ദ്ര സാ, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിവരാണ് കാണാതായ മറ്റ് ഇന്ത്യൻ പൗരന്മാര്‍.

അപകടസ്ഥലത്ത് നിന്ന് 50 കിലോമീറ്റർ അകലെ നിന്നാണ് ബസുകളിൽ നിന്നുള്ള ആദ്യ മൃതദേഹം കണ്ടെടുത്തത്. നേപ്പാള്‍ സുരക്ഷ സേനയുടെ മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെ തെരച്ചിൽ തുടരുകയാണ്. നേപ്പാൾ സൈന്യം, നേപ്പാൾ പൊലീസ്, സായുധ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തുണ്ട്. 500-ല്‍ അധികം സുരക്ഷ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.