ചിറ്റാരിക്കാൽ: തകരാറിലായ കെഎസ്ഇബി മീറ്റർ മാറ്റി സ്ഥാപിക്കാനെത്തിയ താത്കാലിക ജീവനക്കാരനെ വീട്ടുടമയുടെ മകൻ ജീപ്പിടിച്ചുവീഴ്ത്തി ഇരുമ്പു വടികൊണ്ട് ആക്രമിച്ചു. കെഎസ്ഇബി നല്ലോംപുഴ സെക്ഷനിലെ കരാർ തൊഴിലാളിയായ തയ്യേനി സ്വദേശി കെ.അരുൺകുമാറിനു നേരേയായിരുന്നു ആക്രമണം. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ അരുൺകുമാറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരുൺകുമാറിന്റെ കൂടെയുണ്ടായിരുന്ന ജീവനക്കാരൻ അനീഷ് പിറകോട്ടു മാറിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി നല്ലോംപുഴ സെക്ഷൻ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിവെക്കാൻ എത്തിയതായിരുന്നു അരുൺ കുമാറും അനീഷും. ഈ സമയം ജോസഫ് വീട്ടിൽ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും പറഞ്ഞതിനുശേഷം മീറ്റർ മാറ്റിവച്ച് റോഡിലേക്ക് ഇറങ്ങിയ അരുൺകുമാറിന്റെ ബൈക്കിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പ് കൊണ്ട് ഇടിക്കുകയായിരുന്നു. വീണുപോയ അരുണിനെ ജോസഫ് ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിച്ചു. ആക്രമണത്തിൽ അരുൺകുമാറിന്റെ മൂക്കും ചെവിയും തകർന്നു. ജീപ്പിന്റെ ഇടിയേറ്റ് ബൈക്കിനും കേടുപറ്റിയിട്ടുണ്ട്.
പ്രദേശത്തെമറ്റ് വീടുകളിലെ കേടായ മീറ്ററുകൾ മാറ്റിവെച്ച ശേഷമാണ് ഇരുവരും ജോസഫിന്റെ വീട്ടിൽ എത്തിയത്.ചിറ്റാരിക്കൽ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.