കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ജസ്റ്റീസ് എ.ഹരിപ്രസാദ് കമ്മീഷൻ 17 ന് ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. വിദ്യാർഥികൾ അടക്കം 28 പേരുടെ മൊഴിയാണ് കമ്മീഷനെടുത്തത്. റിപ്പോർട്ട് ഓഗസ്റ്റ് 29നകം നൽകണമെന്ന് കമ്മീഷനോട് ഗവർണർ നിർദേശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സിദ്ധാർഥന്റെ മരണത്തിൽ വൈസ് ചാൻസലർ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാനാണ് ഗവർണർ കമ്മിഷനെ നിയോഗിച്ചത്. സിദ്ധാർഥനെ മർദിക്കുന്നതിന് സാക്ഷികളായ വിദ്യാർഥികൾ അടക്കം 28 പേരുടെ മൊഴിയാണ് കമ്മിഷനെടുത്തത്. റിപ്പോർട്ട് നൽകാൻ ഓഗസ്റ്റ് 29 വരെ സമയമുണ്ടായിരുന്നു. എന്നാൽ, അതിനുമുൻപുതന്നെ അന്വേഷണം പൂർത്തിയാക്കാനായി.
സിദ്ധാർഥന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളിൽ വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ്, ഡീൻ എം.കെ. നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ. ആർ. കാന്തനാഥൻ എന്നിവർക്ക് വീഴ്ചയുണ്ടായോ എന്നാണ് കമ്മിഷൻ പ്രധാനമായും പരിശോധിച്ചത്.
വി.സി. അടക്കമുള്ളവരെ രണ്ടുതവണ കമ്മിഷൻ കേട്ടു. വിദ്യാർഥികൾ, അധ്യാപകർ, ഹോസ്റ്റലിലെ രണ്ട് പാചകക്കാർ, ആംബുലൻസ് ഡ്രൈവർ, ടെക്നീഷ്യൻ എന്നിവരുടെ മൊഴികളുമെടുത്തു. സിദ്ധാർഥന്റെ മാതാപിതാക്കളും മൊഴിനൽകി. വിവരങ്ങൾ രഹസ്യമായിവെക്കണം എന്നാവശ്യപ്പെട്ട് മൊഴിനൽകിയ അധ്യാപകരുമുണ്ട്. ചില വിദ്യാർഥികളും സ്വമേധയാ മൊഴിനൽകാനെത്തി.
കേസിൽ പ്രതികളായ വിദ്യാർഥികളും തങ്ങളെ കേൾക്കണം എന്നാവശ്യപ്പെട്ട് കമ്മിഷന്റെ മുന്നിലെത്തി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇവരെ കേൾക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. പ്രതികളായ വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് പറയാനുള്ളതും കമ്മിഷൻ കേട്ടു.
കഴിഞ്ഞ ഫെബ്രുവരി 18-നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹപാഠിയായ വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിന്റെപേരിൽ രണ്ടുദിവസം തുടർച്ചയായി സഹപാഠികളടക്കമുള്ള വിദ്യാർഥികൾ മർദിച്ചെന്നും ഇതിന്റെ തുടർച്ചയായി സിദ്ധാർഥൻ ജീവനൊടുക്കിയെന്നുമാണ് സി.ബി.ഐ. കണ്ടെത്തിയത്. കേസിൽ 19 വിദ്യാർഥികളാണ് പ്രതിസ്ഥാനത്തുള്ളത്.