ന്യൂഡൽഹി : നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്ലാം വധശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. നിരപരാധി എന്ന് തെളിയിക്കാൻ തന്റെ കൈയിൽ തെളിവുകളുണ്ടെന്ന് ഹർജിയിൽ അമീറുൽ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. വധശിക്ഷയുടെ ഭരണഘടനാ സാദ്ധ്യതയും ഹർജിയിൽ പ്രതി ചോദ്യം ചെയ്യുന്നു.
അഭിഭാഷകരായ സതീഷ് മോഹനൻ, സുഭാഷ് ചന്ദ്രൻ,ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹർജി സമർപ്പിച്ചത്. നിയമവിദ്യാർത്ഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ കഴിഞ്ഞ മേയ് 20 നാണ് ഹൈക്കോടതി ശരിവെച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അസാം സ്വദേശി അമീറുൾ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്.
ഡി.എൻ.എ അടക്കം സർക്കാർ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്നും വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർത്ഥിനിയായ യുവതി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്.