Kerala

ജോയിയെ കാത്ത് ഒറ്റമുറി വീട്ടില്‍ ഒരമ്മ പ്രാര്‍ത്ഥനയോടെ; ഏതു ജോലിക്കും പോകാന്‍ മടിയില്ലാത്ത ജോയിയാണ് ആ വീടിന്റെ ഏക ആശ്രയം

മനുഷ്യവിസര്‍ജനം ഉള്‍പ്പെടെ നിറഞ്ഞ മാലിന്യ വാഹിനിയായ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങി കാണാതായ ജോയിയുടെ വരവ് കാത്ത് ഒരമ്മ. മാരായമുട്ടത്തെ ഒറ്റ മുറി കൂരയില്‍ ഇരുന്നുകൊണ്ട് ഒരു അമ്മ വിതുമ്പുകയാണ് തന്റെ മകന്റെ തിരിച്ചുവരവിന് പ്രാര്‍ത്ഥനയോടെ. 1500 രൂപ കിട്ടുമെന്ന് വലിയ കാരണത്തോടെയാണ് ജോയ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ അടിയിലൂടെ പോകുന്ന ആമയിഞ്ചാന്‍ത്തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയത്.

അമ്മയ്ക്ക് ജോയിയെ കുറിച്ച് പറയാനുള്ളത് വേദന നിറഞ്ഞ പല ഓര്‍മ്മകളും ആണ്. മാരായമുട്ടത്തെ ഒറ്റമുറി ഷെഡ്ഡില്‍ മെല്‍ഹി അമ്മയും ജോയിയും മാത്രമാണ് താമസിക്കുന്നത്. ജീവിക്കാനായി പല ജോലികളും ജോയി ചെയ്തിരുന്നു. നെയ്യാറില്‍ നിന്നും മണല്‍വാരല്‍ ആയിരുന്നു ജോയ് ചെയ്തിരുന്ന പ്രധാന ജോലി. സര്‍ക്കാര്‍ മണല്‍ വാരല്‍ നിരോധിച്ചതോടെ ഒരു കുടുംബം വീണ്ടും പട്ടിണിയിലായി. പിന്നീട് നിരവധി ജോലികള്‍ ചെയ്തു ജോയ് അമ്മയ്ക്ക് തണലായി കൂടെ നിന്നു. കുറെ നാളായി ആക്രി പെറുക്കല്‍ ആയിരുന്നു പ്രധാന ജോലി, അതില്‍ നിന്നുള്ള വരുമാനം നിലച്ചതോടെയാണ് ഏതു ജോലിക്കും പോകാമെന്ന് അവസ്ഥയിലേക്ക് ജോയി എത്തിയത് അമ്മ പറയുന്നു. അങ്ങനെ ഒരു സുഹൃത്ത് വിളിച്ചാണ് റെയില്‍വേയിലെ മാലിന്യം വരാന്‍ വീട്ടില്‍ നിന്ന് പോയതെന്ന് അമ്മ പറഞ്ഞു. ജോയിയുടെ പിതാവ് നേശമണി മരിച്ചത് പത്തുവര്‍ഷം മുമ്പാണ്. വീടിനു ചുറ്റും കാടുപിടിച്ചു കിടക്കുകയാണ്. ഇവിടേക്കുള്ള വഴിയും സഞ്ചാരയോഗ്യമല്ല. സഹോദരങ്ങള്‍ മറ്റിടങ്ങളില്‍ താമസിക്കുന്നു. ജോയിയുടെ സഹോദര ഭാര്യ അര്‍ബുദം ബാധിച്ച് മരിച്ചിട്ട് ഒരുമാസമായിട്ടേ ഉള്ളൂ. എത്ര വയ്യെങ്കിലും ജോലിക്കു പോകുന്ന ആളായിരുന്നു ജോയിയെന്ന് അമ്മ പറയുന്നു. എന്തു ജോലിയും ചെയ്യും. ‘അവനായിരുന്നു ഏക ആശ്രയം. രാവിലെ ആറു മണിക്ക് ജോലിക്കിറങ്ങിയാല്‍ വൈകീട്ട് അഞ്ചാകുമ്പോള്‍ തിരിച്ചെത്തും. ഒരിക്കലും, അവന്‍ വീട്ടില്‍ വെറുതെ ഇരിക്കില്ല. എന്തു ജോലിക്ക് വിളിച്ചാലും പോകുമെന്ന ആ അമ്മ വിതുമ്പലോടെ പറയുന്നു.

റെയില്‍വേസ്റ്റേഷന്‍ വളപ്പിലെ ആമയിഴഞ്ചാന്‍ തോടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെ ഇന്നലെ രാവിലെ 11 മണിക്കാണ് മാരായമുട്ടം സ്വദേശിയായ ജോയിയെ (47) കാണാതായത്. സഹോദരിമാരും സഹോദരനും പ്രത്യേകം താമസിക്കുന്നു. വീടെന്നു പറയാനാകാത്ത ഒറ്റമുറി കെട്ടിടത്തില്‍ താമസം. വീടിനു ചുറ്റും കാടുപോലുള്ള പറമ്പ്. വീട്ടില്‍ ഒരു ചെറിയഹാളും മുറിയും അടുക്കളയും. റോഡില്‍നിന്ന് മൂന്നാള്‍ പൊക്കത്തിലുള്ള ഭൂമിയിലാണ് വീട്. ദുര്‍ഘടമായ വഴിയിലൂടെ സഞ്ചരിച്ചാലേ വീട്ടിലെത്തൂ. വര്‍ഷങ്ങളായി ഈ വീട്ടിലാണ് താമസം.