Kerala

‘ബീഫ്’ കോഫീ ഹൗസില്‍ തിരിച്ചെത്തി; ഭക്ഷണ പ്രിയരുടെ ഇഷ്ടവിഭവം വിലക്കിയ തീരുമാനം പിന്‍വലിച്ച് ഇന്ത്യൻ കോഫീ ഹൗസ്, ധൈര്യമായി കഴിക്കാം, ബീഫ് കറിയും, ഫ്രൈയും, ചാപ്‌സുമൊക്കെ

ബീഫിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി ഇന്ത്യൻ കോഫി ഹൗസ്. കാള ഇറച്ചിയായ ബീഫ് മാറ്റി പോത്തിറച്ചി മാത്രം തീന്‍ മേശകളില്‍ വിളമ്പിയാല്‍ മതിയെന്ന് കോഫി ഹൗസുകളില്‍ തീരുമാനമെടുത്തിരുന്നു. ചില കോഫി ഹൗസുകളിലാണ് ഇത്തരത്തില്‍ ബീഫിന് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യന്‍ കോഫി ഹൗസ് ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഒപ്പറേറ്റീവ് സൊസൈറ്റിയുടെ യാതൊരു ഉത്തരവുകള്‍ ഒന്നുമില്ലാതെയാണ് ചില കോഫി ഹൗസുകളില്‍ ബീഫിന് നിരോധന ഏര്‍പ്പെടുത്തിയത്. കസ്റ്റമേഴ്‌സ് നിരന്തരം പരാതി പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ബീഫിന് ഒഴിവാക്കി എന്നാണ് കോഫി ഹൗസില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ബീഫിന്റെ ഇറച്ചിയില്‍ ചവു കൂടുതലാണെന്ന് കാരണമാണ് ഇതിനായി അവര്‍ നിരത്തിയത്. എന്നാല്‍ പോത്തിറച്ചിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നില്ല, അതിപ്പോഴും ഒട്ടുമിക്ക കോഫി ഹൗസുകളിലും ലഭ്യമാണ്.

ബീഫിന് വിലക്കേര്‍പ്പെടുത്താന്‍ ഉള്ള കോഫി ഹൗസിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ദിനംപ്രതി കോഫി ഹൗസുകളില്‍ വിവിധ ഭക്ഷണം കഴിക്കുന്നവര്‍ ഈ വിഷയത്തില്‍ ഇടപെട്ടു. സ്വാഭാവികമായി ബീഫ് പ്രിയരും പ്രതിഷേധം ഉയര്‍ത്തിയതോടെ വിഷയം കോഫി ഹൗസിന്റെ ബോര്‍ഡ് ചര്‍ച്ച ചെയ്തിരുന്നത്. ഇത്തരത്തില്‍ ഒരു അപ്രഖ്യാപിത വിലക്ക് ബീഫ് വിഭവങ്ങള്‍ക്ക് ഇല്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കണമെന്ന് തീരുമാനമെടുക്കുന്നത് അതത് കോഫി ഹൗസുകളാണ്. അതിനുള്ള പണവും സാധനങ്ങളും മെനുവും എല്ലാം വാങ്ങുന്നത് അത്ത് കോഫി ഹൗസുകളാണ്. ബീഫിന്റെ കാര്യത്തില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്നാണ് കോഫി ഹൗസ് ബോര്‍ഡ് അറിയിച്ചു.

ഇതിനിടെ തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കോഫി ഹൗസില്‍ വീണ്ടും ബീഫ് വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷമായി. നേരത്തെ ബീഫ് വിലക്കിയെന്ന് പരാതി കേട്ടിരുന്നത് ഈ കോഫി ഹൗസിലായിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വീണ്ടും കാര്യവട്ടത്തെ കോഫി ഹൗസില്‍ ബീഫ് വിഭവങ്ങള്‍ മെനുവില്‍ ആഡ് ചെയ്തു.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് അനന്തപുരി രുചിക്കൂട്ടായ്മ എന്ന് ഫേസ്ബുക്ക് പേജിലാണ് ബീഫിന് നിരോധനം എന്ന തരത്തിലുള്ള പോസ്റ്റ് വന്നത്. ഇന്ത്യന്‍ കോഫീ ഹൗസില്‍ ബീഫ് നിരോധനം വേണമെന്ന് ആരാ തീരുമാനിച്ചത്. തീരുമാനം ആരുടേതായാലും സംഗതി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കോഫീ ഹൗസിലെ ബീഫ് കറിയും, ബീഫ് ഫ്രൈയും, ബീഫ് ബിരിയാണിയും കഴിച്ചു ആരാധകരായ ഒരുപാട് മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് തുടങ്ങുന്ന പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഈ പോസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അന്വേഷണം ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിരുന്നു, അതും ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് വിഷയം ചൂടുപിടിച്ചത്. അങ്ങനെ ഒരു കൂട്ടം ഭക്ഷണ പ്രേമികളുടെ ശ്രമഫലമായി അവരുടെ ഇഷ്ട ഭക്ഷണം വീണ്ടും കോഫീ ഹൗസിന്റെ തീന്‍ മേശയില്‍ എത്തിയിരിക്കുന്നു. ഈ പോസ്റ്റ് അനന്തപുരയിലെ രുചിക്കൂട്ടായ്മയില്‍ ഇട്ടിരിക്കുന്നത് ദിലിപ്രസാദ് സുരേന്ദ്രന്‍ എന്ന വ്യക്തിയാണ്. ബീഫ് തിരികെ എത്തിയതോടെ വീണ്ടും അതു സംബന്ധിച്ച പോസ്റ്റും അദ്ദേഹം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

വീണ്ടും പറയുന്നു, ബീഫും പൊറോട്ടയും നല്ലൊരു ശതമാനം മലയാളികളുടെയും പ്രിയ ഭക്ഷണമായി അവര്‍ വര്‍ഷങ്ങളായി തങ്ങളുടെ ഫുഡ് മെനുവിൽ ഉൾപ്പെടുത്തുന്ന വിഭവമാണ്. അതു പോലെ ഇന്ത്യന്‍ കോഫീ ഹൗസും മലയാളികളുടെ പ്രിയ ഭക്ഷണയിടമാണ്.