Kerala

സോളാര്‍ വിഷയം കത്തി നില്‍ക്കുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയെ കണ്ട് കൊച്ചി വിമാനത്താവളത്തില്‍ സൗരോര്‍ജ്ജ പദ്ധതി ചര്‍ച്ച ചെയ്തു, എന്തു സംഭവിച്ചു ആ പദ്ധതിക്കെന്ന് മുന്‍ സിയാല്‍ എംഡി പറയും

സോളാര്‍ വിഷയം കത്തി നില്‍ക്കുന്ന സമയത്ത് കൊച്ചി വിമാനത്താവളത്തില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കാനുള്ള പ്രോജക്റ്റുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട അനുഭവം മറക്കാത്തതായിരുന്നുനവെന്ന് സിയാലിന്റെ മുന്‍ മാനേജിംഗ് ഡയറക്ടറും ഐഎഎസ്‌കാരനുമായിരുന്ന വിജെ കുര്യന്‍. 2013 ല്‍ സോളാര്‍ വിഷയം കത്തി നില്‍ക്കുന്ന സമയത്താണ് സിയാലിന്റെ വന്‍ പ്രോജക്റ്റുമായി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ തെല്ലൊരു ആശങ്കയോടെയാണ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത് അതൊക്കെ രാഷ്ട്രീയമാണ് എന്നായിരുന്നു. വീണ്ടും ഇത്തരമൊരു പദ്ധതി നടപ്പാക്കിയാല്‍ ആരോപണങ്ങള്‍ ഉണ്ടാവില്ലേ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ അതേക്കുറിച്ചൊന്നും ഭാരപ്പെടേണ്ട എന്നായിരുന്നു മറുപടി. കൊച്ചി എയര്‍പോര്‍ട്ടിലെ സൗരോര്‍ജ്ജ പദ്ധതിയുമായി മുന്നോട്ട് പോവുക. അതാണ് ഉമ്മന്‍ ചാണ്ടി. മറ്റാര്‍ക്കും ഇങ്ങനെ ഒരു ധൈര്യം കാണില്ലെന്നും കുര്യന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കുര്യന്‍ ഇക്കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്.

തന്റെ സര്‍വീസ് കാലയളവില്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പം ജോലി ചെയ്തതാണ് ഏറ്റവും ആസ്വാദ്യകരമായിരുന്നത്. അത്രമാത്രം കരിസ്മാറ്റിക് വ്യക്തിയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഇത്ര ബുദ്ധിശാലിയും അപാര ഓര്‍മ്മ ശക്തിയുമുള്ള ഒരു നേതാവും, മുഖ്യമന്ത്രിയും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് തന്റെ അനുഭവ സാക്ഷ്യമാണ്. അദ്ദേഹത്തിന്റെ പ്രായോഗിക ബുദ്ധിയുടേയും അനുഭവസമ്പത്തിന്റേയും പകുതി പോലും താനുള്‍പ്പടെയുള്ള ഐഎഎസുകാര്‍ക്കില്ല. എല്ലാവര്‍ക്കും വ്യത്യസ്ത രാഷ്ട്രീയ ചായ്വുകളും നിലപാടും ഉണ്ടാവാം. എന്നാല്‍ വ്യക്തി എന്ന നിലയില്‍ പെട്ടെന്ന് തീരുമാനമെടുക്കാനും, ബുദ്ധിപൂര്‍വ്വം നടപ്പാക്കാനുമുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോരുത്തരേയും ഏല്‍പ്പിച്ച ചുമതലകളെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ അദ്ദേഹം ഓര്‍മ്മിപ്പിക്കുമായിരുന്നു. താന്‍ കണ്ടതില്‍ വെച്ചേറ്റവും ബെസ്റ്റ് സംഘാടകനും, തീരുമാനങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാത്ത ഭരണാധികാരിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും കുര്യന്‍ പറഞ്ഞു.

കേരളത്തില്‍ ഇനിയൊരു പുതിയ വിമാനത്താവളത്തിന്റെ ആവശ്യം നിലവില്ലെന്നും വി.ജെ. കുര്യന്‍ പറഞ്ഞു. തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന എരുമേലിയില്‍ ഇനിയൊരു വിമാനത്താവളം കൂടി പണിയുന്നത് ശുദ്ധമണ്ടത്തരമാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ അവസ്ഥ മനസിലാക്കണം. കണ്ണൂര്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പ്കുത്തുകയാണ്. മികച്ച രീതിയില്‍ വളരാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും കണ്ണൂര്‍ വിമാനത്താവളത്തിന് സംഭവിച്ച അവസ്ഥ ആഴത്തില്‍ പഠിക്കണമെന്നും മുന്‍ ഐഎഎസുകാരനായ കുര്യന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇരുപത് വര്‍ഷത്തിലധികം കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിന്റെ എംഡിയായിരുന്നു അദ്ദേഹം. സിയാലിന്റെയും അതു പോലെ നെടുമ്പാശേരി വിമാനത്താവളത്തിന്റെയും അമരക്കാരനായി പ്രവര്‍ത്തിച്ച വി.ജെ. കുര്യന്റെ കാലത്താണ് വന്‍ വികസനങ്ങള്‍ ഉണ്ടായത്. ലോകശ്രദ്ധയിലേക്ക് വിമാനത്താവളത്തെ കൊണ്ടുവരാനും, അതിലൂടെ വിജയം കൊയ്യാനും സിയാല്‍ എംഡി എന്ന നിലയില്‍ വി.ജെ. കുര്യന് കഴിഞ്ഞു.