India

മണിപ്പുരിൽ ഏറ്റുമുട്ടൽ, തീവ്രവാദികളുടെ വെടിയേറ്റ് സിആര്‍പിഎഫ് ജവാൻ കൊല്ലപ്പെട്ടു

മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു

ഇംഫാൽ : മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശി അജയ് കുമാർ ഝായാണ് മരിച്ചത്. കലാപം നടക്കുന്ന ജിരിബാമിലെ മോങ്ബങ് ഗ്രാമത്തിലാണ് സംഭവം. കുക്കി സായുധസംഘം ജവാനുനേരെ വെടിയുതിർക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.

മറ്റൊരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തു. കുക്കി– മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന മണിപ്പുരിൽ ഒട്ടേറെപ്പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 67,000 പേർ ഭവനരഹിതരായി. ജവാനെതിരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞു. ശനിയാഴ്ച രാത്രിയും ഗ്രാമത്തില്‍ വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഞായറാഴ്ചത്തെ ആക്രമണത്തെത്തുടര്‍ന്ന് സമീപത്തെ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് മോങ്ബംഗില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.