കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ വഴിത്തിരിവ്. ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത് പറഞ്ഞു. പ്രമോദ് എന്റെ നല്ല സുഹൃത്താണ്. പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് പ്രതികരിച്ചു.
പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം തൻ്റെ കുടുംബത്തിന് ഇല്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ആരാണ് തൻ്റെ പേര് വലിച്ചിഴച്ചത് എന്ന് അറിയില്ലെന്നും ചേവായൂരിലെ തൻ്റെ വീട്ടിൽ ഇന്നലെ പ്രമോദ് എത്തിയത് കാര്യങ്ങൾ അന്വേഷിക്കാൻ ആകുമെന്നും ശ്രീജിത്ത് പറഞ്ഞു.
നിലവിലെ ആരോപണങ്ങൾ എവിടെ നിന്നും വന്നു എന്ന് കണ്ടെത്തണമെന്ന് ശ്രീജിത്ത് ആവശ്യപ്പെട്ടു. ശ്രീജിത്ത് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മംഗലാപുരത്താണ് ജോലി ചെയ്യുന്നത്. ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ശ്രീജിത്തിന്റെ ചേവായൂരിലെ വീടിന് മുന്നിൽ പ്രതിഷേധവുമായി പ്രമോദ് കോട്ടൂളി എത്തിയിരുന്നു. മകനും അമ്മയ്ക്കും ഒപ്പമായിരുന്നു പ്രമോദ് പ്രതിഷേധിക്കാനെത്തിയിരുന്നത്.
ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത്. ബിജെപി പ്രാദേശിക നേതാവ് ഉൾപ്പെടുന്ന സംഘവുമായി ചേർന്ന് പ്രമോദ് ക്രമക്കേട് നടത്തി എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.