ടൊറോന്റോ: ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന പതിനൊന്നാമത് ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ആഗസ്റ്റ് -3 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ ടൊറൊന്റോയിലുള്ള ആൽബർട്ട് ക്യാമ്പ്ബെൽ സ്‌ക്വയറിൽ (Albert Campbell Square) നടക്കും. ഈ വർഷം ‘ഡാൻസ് അറ്റ് ദി സ്‌ക്വയർ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്.
ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ തിങ്ങിപാർക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയിൽ നടക്കുന്ന ഈ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഡാൻസ് വിഭവങ്ങൾ ഉണ്ടായിരിക്കും. ഇത്തവണ 50 -തോളം വ്യത്യസ്ത ഡാൻസ് സ്റ്റൈലുകളാണ് തയ്യാറാക്കിയിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയിൽ പകുതിയിലേറെയും കാനഡയ്ക്ക് വെളിയിൽ ജനിച്ചവരും നാനാ ജാതി, മത സംസ്ക്കാരത്തിൽ വളർന്നവരുമാണ്. ഈ സാഹചര്യത്തിലാണ് വിവിധ സംസ്ക്കാരത്തിലുള്ള കലകളെയെല്ലാം കോർത്തിണക്കി ഇത്തരത്തിലുള്ളൊരു ഡാൻസ് ഫെസ്റ്റിവലിന് ഡാൻസിംഗ് ഡാംസൽസ് തുനിഞ്ഞിറങ്ങിയത്.
കഴിഞ്ഞ 10 വർഷത്തിനൊടകം 200- ലേറെ ഡാൻസ് കമ്പനികളെയും 100 -ലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും 2000 -ലേറെ ഡാൻസിംഗ് പ്രൊഫഷണൽസിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്റ്റേജിൽ അണിനിരത്താൻ അവർക്ക് കഴിഞ്ഞു. ടൊറൊന്റോ ഫിലിം ഫെസ്റ്റിവൽ പോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മലയാളികൂടിയായ മാനേജിംഗ് ഡയറക്‌ടർ മേരി അശോക് പറഞ്ഞു. രാവിലെ 10 മണിമുതൽ വിവിധ തരത്തിലുള്ള നൃത്തങ്ങളുടെ ശില്പശാലയും ഇതിനോടനുബന്ധിച്ചു നടത്തുന്നുണ്ട്.