ഹരാരെ: ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്വെയെ 42 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതിനോടകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഞ്ചില്‍ നാല് മത്സരങ്ങളും വിജയിച്ചു. ആദ്യ മത്സരത്തില്‍ മാത്രമാണ് ആതിഥേയര്‍ക്ക് വിജയിക്കാനായത്. അര്‍ധ സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ബൗളര്‍ മുകേഷ് കുമാറിന്റെയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി പ്ലയര്‍ ഓഫ്ദി മാച്ചായ ശിവം ദുബെയുടെയും പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ അവസാന മത്സരത്തില്‍ വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45 പന്തിൽ നാല് സിക്സും ഒരു ഫോറുമടക്കം 58 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസടിച്ചപ്പോൾ സിംബാബ്വെയുടെ മറുപടി 18.3 ഓവറിൽ 125 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യക്കായി തകർത്തെറിഞ്ഞ മുകേഷ് കുമാർ 3.3 ഓവറിൽ 22 റൺസ് വഴങ്ങി നാലുപേരെ മടക്കി.
32 പന്തിൽ 34 റൺസെടുത്ത ഡിയോൺ മയേഴ്സാണ് ആതിഥേയരുടെ ടോപ് സ്കോറർ. മഴേയ്സിന് പുറമെ, 13 പന്തിൽ 27 റൺസടിച്ച ഫറാസ് അക്രമിനും 24 പന്തിൽ 27 റൺസെടുത്ത തദിവനാഷെ മരുമനിക്കും മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഇന്ത്യൻ ബൗളർമാരിൽ ശിവം ദുബെ രണ്ടും തുഷാർ ദേശ്പാണ്ഡെ, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്ത ടോസ് നേടിയ സിംബാബ്‍വേ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനും ശുഭ്മാൻ ഗില്ലിനും മൂന്നാമനായിറങ്ങിയ അഭിഷേക് ശർമക്കും കാര്യപ്പെട്ട സംഭാവനകൾ നൽകാനാവാതിരുന്നപ്പോൾ നാലാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഏറെ പക്വതയോടെ ബാറ്റ് വീശിയ സഞ്ജു 45 പന്തിൽ 58 റൺസെടുത്തു. നാല് സിക്സും ഒരു ഫോറും സഞ്ജുവിന്റെ ഇന്നിങ്‌സിന് മിഴിവേകി. പരാഗ് 22 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ക്രീസിലെത്തിയ ശിവം ദൂബേയും തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ 150 കടന്നു. ദൂബേ 12 പന്തിൽ രണ്ട് സിക്‌സിന്റേയും രണ്ട് ഫോറിന്റേയും അകമ്പടിയിൽ 26 റൺസെടുത്തു. ദൂബേയാണ് കളിയിലെ താരം.
ബ്ലെസിംഗ് മുസറബാനി സിംബാബ്‌വെക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.