ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുളള തിരച്ചിൽ 33 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. നാളെ പുതിയ സംഘം തിരച്ചിൽ നടത്തും. മാലിന്യം നീങ്ങാത്തതാണ് ദൗത്യത്തിന് തിരിച്ചടിയാവുന്നത്. അതിനിടെ കൊച്ചിയിൽ നിന്നുള്ള നേവി സംഘം തിരച്ചിലിനായി വൈകാതെ എത്തും. 9 മണിയോടെ സംഘം എത്തിച്ചേരുമെന്നാണ് വിവരം. രാത്രിയും ദൗത്യം തുടർന്നേക്കും. നേവി എത്തിയതിനു ശേഷമാകും ഇതിൽ തീരുമാനമുണ്ടാവുക.
കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിങ് സംഘം ഇന്നും പരിശോധന നടത്തിയത്. ഇന്ന് തിരച്ചിൽ നടത്തിയ സംഘത്തിലെ അംഗങ്ങൾക്ക് വൈദ്യ പരിശോധന നൽകും. ടീമംഗങ്ങൾക്ക് ചികിത്സ നൽകാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.
റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ തടയണ കെട്ടി വെളളം പമ്പ് ചെയ്ത് പരിശോധന നടത്താനായിരുന്നു നീക്കമെങ്കിലും രാത്രിയോടെ ഉപേക്ഷിച്ചു. തടയണ കെട്ടിയശേഷം രാത്രി കനത്ത മഴ പെയ്താൽ നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ വെള്ളം ഉയരുമെന്നതിനാലാണ് നീക്കം ഉപേക്ഷിച്ചത്. പകൽ മാത്രമേ തടയണ കെട്ടുകയുള്ളൂവെന്ന് വി.കെ.പ്രശാന്ത് എംഎൽഎ പറഞ്ഞു.