ജയ്പ്പൂർ: രാജസ്ഥാനിലെ അൽവാറിൽ ബി.ജെ.പി നേതാവിനെ ബൈക്കിലെത്തിയ സംഘം തല്ലിക്കൊന്നു. യാസീൻ ഖാൻ എന്ന നേതാവാണ് കൊല്ലപ്പെട്ടത്. യാസീന്റെ കുടുംബവുമായി മുൻവൈരാഗ്യമുള്ളവരാണ് കൊലയാളികളെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യാസീൻ ഖാനെ കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
അക്രമികൾ കോടാലി ഉപയോഗിച്ച് യാസീനെ ആക്രമിക്കുകയും ഇരുമ്പ് വടിയും കമ്പുകളും ഉപയോഗിച്ച് കൈയും കാലും തല്ലിയൊടിക്കുകയും ചെയ്തു. സംഭവത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മറ്റൊരു നേതാവ് പർമീന്ദർ സിങ്, അഡ്വ. ജിതേന്ദർ ശർമ എന്നിവർക്കൊപ്പം ജയ്പൂർ പോയി തിരിച്ചുവരികയായിരുന്നു യാസീൻ ഖാന്. വിജയ്പൂർ ഗ്രാമത്തിലെത്തിയ ഇവരുടെ കാർ ആയുധാരികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ബിസിനസുകാരനായ യാസീൻ ഖാൻ കഴിഞ്ഞ 20 വർഷമായി ബി.ജെ.പി പ്രവർത്തകനാണ്.