തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജിയുടെ ആരോപണത്തിന് മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. നിരവധി തവണ റെയിൽവേയെ അറിയിച്ചിരുന്നതായും സാധ്യമായ എല്ലാ രീതികളും നോക്കിയെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ വിളിച്ച ഒരു യോഗത്തിലും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ലെന്ന് മേയർ കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വെള്ളക്കെട്ടുണ്ടായപ്പോള്‍ത്തന്നെ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇത്തരം യോഗങ്ങളില്‍ വകുപ്പ് മന്ത്രിമാരടക്കം പങ്കെടുത്തിരുന്നു. എന്നാല്‍, റെയില്‍വേയില്‍നിന്ന് ഡിആര്‍എമ്മോ എഡിആര്‍എമ്മോ പങ്കെടുത്തിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്.
മാലിന്യ വിഷയത്തിൽ റെയിൽവേയ്ക്ക് നോട്ടീസ് നൽകിയിരുന്നു. അതിനുശേഷം ആണ് ടെൻഡർ നടപടിയിലേക്ക് പോലും റെയിൽവേ കടന്നതെന്ന് മേയർ വ്യക്തമാക്കി. ഇത് റെയില്‍വേ പ്രോപ്പര്‍ട്ടിയാണെന്നും റെയില്‍വേയാണ് ഇത് ചെയ്യേണ്ടതെന്നും വ്യക്തമാക്കി നോട്ടീസ് നല്‍കുകയും പിന്നീട് നിരവധി തവണ റിമൈന്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നെന്ന് ആര്യ വ്യക്തമാക്കി.
എവിടെയാണ് റെയിൽവേയുടെ മാലിന്യ സംസ്കരണ പ്ലാന്റെന്നും അതൊന്ന് റെയിൽവേ കാണിച്ചുതരണമെന്നും മേയർ ആവശ്യപ്പെട്ടു. മനുഷ്യ വിസർജ്യം അടക്കമുള്ള മാലിന്യം സംസ്കരിക്കാൻ റെയിൽവേ പ്രോപ്പർട്ടിയിൽ സംവിധാനം ഉണ്ടോയെന്ന് മേയർ ചോദിച്ചു.
അതേസമയം റെയിൽവേക്കയച്ച നോട്ടീസുകൾ കോർപ്പറേഷൻ പുറത്തു വിട്ടു. മാലിന്യ നീക്കത്തിനു റെയിൽവേയ്ക്ക് നൽകിയ നോട്ടീസുകളാണ് പുറത്തുവിട്ടത്.
റെയില്‍വേയില്‍നിന്നുള്ള മാലിന്യമല്ല കനാലിലുള്ളതെന്നും റെയില്‍വേയുടെ മാലിന്യം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നതെന്നും എഡിആര്‍എം വിജി എം.ആര്‍. നേരത്തെ പറഞ്ഞിരുന്നു. മാലിന്യം നീക്കംചെയ്യേണ്ട ഉത്തരവാദിത്വം റെയില്‍വേയ്ക്കില്ലെന്നും അത് കോര്‍പ്പറേഷന്റെ ചുമതലയാണെന്നും വിജി പറഞ്ഞു.
നഗരസഭയുടെ ഭാഗത്തുനിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ്. 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും, വിജി വ്യക്തമാക്കി.