Kerala

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച സംഭവം; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്, സസ്‌പെൻഷൻ | The incident where a petrol pump employee was hit by a car; Case for attempted murder against policeman, suspension

കണ്ണൂർ: പമ്പ് ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിന് കണ്ണൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് മെസ്സ് ഡ്രൈവർ സന്തോഷിനെതിരെ കേസ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ്കുമാറിനെ‌ സസ്പെൻഡ് ചെയ്യുകയും വധശ്രമത്തിനു കേസെടുക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പമ്പിലാണു സംഭവം. കണ്ണൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് എകെജി ആശുപത്രിയിലേക്ക് പോകുംവഴിയുള്ള എംകെപിടി എന്ന പമ്പിലാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാനായി തന്റെ സ്വിഫ്റ്റ് കാറിൽ സന്തോഷ് എത്തിയിരുന്നു. എണ്ണയടിച്ചതിന് ശേഷം ഇയാൾ പണം നൽകാതെ പുറത്തേക്ക് പോയി. തുടർന്ന് ഇത് ചോദ്യം ചെയ്ത് അനിൽ കാറിനെ പിന്തുടർന്നു. പിന്നാലെ കാർ നിർത്തി സന്തോഷ് പകുതി പണം നൽകി. എന്നാൽ മുഴുവനും വേണമെന്ന് അനിൽ ആവശ്യപ്പെട്ടു.

ആ സമയം കുറച്ച് ദൂരം കാർ മുന്നോട്ടെടുത്ത് സന്തോഷ് വേഗത കുറച്ചു. തുടർന്ന് പണം മുഴുവൻ നൽകാനാണെന്ന് തെറ്റിദ്ധരിച്ച് അനിൽ കാറിന്റെ മുന്നിലെത്തി. എന്നാൽ അനിലിനെ ഇടിച്ച് കാർ മുന്നോട്ട് കുതിക്കുകയാണുണ്ടായത്. മെയിൻ റോഡിൽ അരക്കിലോമീറ്ററോളം അനിലിനെ ബോണറ്റിൽ വഹിച്ച് കാർ പോകുന്ന ദൃശ്യങ്ങൾ പുറത്തെത്തിയതിന് പിന്നാലെയാണിപ്പോൾ ഇയാൾക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ പമ്പ് ജീവനക്കാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.