മാവേലിക്കര: ജയിലിൽ നിന്നിറങ്ങി 2 മാസത്തിനുള്ളിൽ ആലപ്പുഴ, കൊല്ലം ജില്ലകളിലായി ഇരുന്നൂറിലേറെ മോഷണം നടത്തി പൊലീസിന്റെ ഉറക്കം കെടുത്തിയ പക്കി സുബൈർ വീണ്ടും അറസ്റ്റിൽ. കൊല്ലം ശൂരനാട് വടക്ക് കുഴിവിള വടക്കേതിൽ എച്ച്.സുബൈറിനെ (പക്കി സുബൈർ–51) ഇന്നലെ പുലർച്ചെ മാവേലിക്കര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നാണു മാവേലിക്കര പൊലീസ് ഓടിച്ചിട്ടു പിടികൂടിയത്.
ഇന്നലെ ചെട്ടികുളങ്ങര ഈരേഴ തെക്ക് ആൽത്തറമുക്കിനു സമീപത്തെ വീട്ടിൽ മോഷണത്തിനു ശ്രമിക്കവേ വീട്ടുകാർ ഉണർന്നപ്പോൾ സുബൈർ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നാലെ തൊട്ടടുത്തു ളാഹ ലവൽക്രോസിനു കിഴക്കു വീട്ടുമുറ്റത്തുനിന്നു സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കവേ വീട്ടുടമ ഉണർന്നതോടെ ഇവിടെനിന്നും സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബഹളം കേട്ട റെയിൽവേ ഗേറ്റ് കീപ്പർ ട്രാക്കിലൂടെ ഒരാൾ ഓടിപ്പോയ കാര്യം പൊലീസിൽ അറിയിച്ചു. പിന്നാലെ മാവേലിക്കര പൊലീസ് റെയിൽവേ റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി തിരച്ചിൽ നടത്തിയപ്പോൾ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാരനെ പോലെ നിന്ന സുബൈർ ഓടി. ഇതോടെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.
നൂറോളം മോഷണക്കേസുകളിൽ പ്രതിയായ സുബൈറിനെ 2022 ഫെബ്രുവരിയിൽ മാവേലിക്കര പൊലീസ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന ഇയാൾ 2 മാസം മുൻപാണു ജയിലിൽ നിന്നിറങ്ങിയത്. തുടർന്നു മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, ശാസ്താംകോട്ട, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകർത്തും വീടുകളും കടകളും കുത്തിത്തുറന്നും ഇരുന്നൂറോളം മോഷണം നടത്തി. കഴിഞ്ഞ 3നു മാവേലിക്കര കൊച്ചിക്കൽ കുരിശടി, സമീപത്തെ 4 വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ സുബൈർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.