ന്യൂഡല്‍ഹി : പവർ ടി.വിയുടെ സംപ്രേഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവിന് എതിരായ ഹരജിയിൽ സുപ്രിംകോടതിയിൽ ഇന്ന് വാദം കേൾക്കും. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. കന്നഡ വാർത്താ ചാനലായ പവർ ടി.വി ചാനലിനെതിരായ കേസ് രാഷ്ട്രീയ പകപോക്കൽ എന്ന് സുപ്രിംകോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.
ജെ.ഡി.എസ് നേതാവ് പ്രജ്വൽ രേവണ്ണക്ക് എതിരായ ലൈംഗികാതിക്രമക്കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടി.വിയാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. എന്‍.ഡി.എ നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ട വാര്‍ത്താ ചാനലാണ് പവര്‍ ടി.വി. ഇതിനുപിന്നാലെയാണ് സ്ഥാപനത്തിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവുണ്ടാകുന്നത്.
ചാനലിനെതിരായ കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് സംശയമുള്ളതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഹരജിക്കാരനെ സംരക്ഷിച്ചില്ലെങ്കില്‍ ഈ കോടതി അതിന്റെ കടമയില്‍ പരാജയപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.