കോഴിക്കോട് : ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി റെയില്‍വേ. ഉത്തരവാദികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ട്രെയിന്‍ നമ്പര്‍ 16307 എക്‌സിക്യൂട്ടീവ് എക്‌സ്പ്രസാണ് പയ്യോളിയില്‍ നിര്‍ത്താതിരുന്നത്. യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് രണ്ടു കിലോമീറ്റര്‍ അകലെ അയനിക്കാടിനും ഇരിങ്ങലിനുമിടയില്‍ വണ്ടി നിര്‍ത്തി. രാത്രി 10.54-നായിരുന്നു ഇത്. കനത്ത മഴയും ട്രാക്കിനരികിലെ കാടും കാരണം യാത്രക്കാര്‍ക്ക് ഇവിടെ ഇറങ്ങാനായില്ല. തുടര്‍ന്ന് വടകര സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഭൂരിഭാഗം പേരും ഇറങ്ങിയത്.
വടകരയില്‍ ഇറങ്ങിയ യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിനുമുന്നിലും ബഹളം വെച്ചിരുന്നു. മറ്റ് സ്റ്റേഷനുകളിലേതുപോലെ പയ്യോളിയില്‍ വണ്ടി നിര്‍ത്താനുള്ള പ്രത്യേക സിഗ്‌നല്‍ സംവിധാനം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കനത്ത മഴയായതിനാല്‍ ലോക്കോപൈലറ്റിന് സ്റ്റേഷന്‍ വ്യക്തമാവാതെപോയതായി അധികൃതര്‍ പത്രക്കുറിപ്പില്‍ പറയുന്നു.