കണ്ണൂർ : കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ പമ്പ് ജീവനക്കാരൻ അനിൽകുമാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു വധശ്രമം. പ്രതിയെ സർവ്വീസിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തിട്ടുണ്ട്.
വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പമ്പിലാണു സംഭവം. കണ്ണൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് എകെജി ആശുപത്രിയിലേക്ക് പോകുംവഴിയുള്ള എംകെപിടി എന്ന പമ്പിലാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാനായി തന്റെ സ്വിഫ്റ്റ് കാറിൽ സന്തോഷ് എത്തിയിരുന്നു. എണ്ണയടിച്ചതിന് ശേഷം ഇയാൾ പണം നൽകാതെ പുറത്തേക്ക് പോയി. തുടർന്ന് ഇത് ചോദ്യം ചെയ്ത് അനിൽ കാറിനെ പിന്തുടർന്നു. പിന്നാലെ കാർ നിർത്തി സന്തോഷ് പകുതി പണം നൽകി. എന്നാൽ മുഴുവനും വേണമെന്ന് അനിൽ ആവശ്യപ്പെട്ടു.
ആ സമയം കുറച്ച് ദൂരം കാർ മുന്നോട്ടെടുത്ത് സന്തോഷ് വേഗത കുറച്ചു. തുടർന്ന് പണം മുഴുവൻ നൽകാനാണെന്ന് തെറ്റിദ്ധരിച്ച് അനിൽ കാറിന്റെ മുന്നിലെത്തി. എന്നാൽ അനിലിനെ ഇടിച്ച് കാർ മുന്നോട്ട് കുതിക്കുകയാണുണ്ടായത്. മെയിൻ റോഡിൽ അരക്കിലോമീറ്ററോളം അനിലിനെ ബോണറ്റിൽ വഹിച്ച് കാർ പോകുന്ന ദൃശ്യങ്ങൾ പുറത്തെത്തിയതിന് പിന്നാലെയാണിപ്പോൾ ഇയാൾക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ പമ്പ് ജീവനക്കാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.