തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രോഗി ലിഫ്റ്റില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന് നായരെ കണ്ടെത്തിയത്. നടുവേദനയ്ക്ക് ചികിത്സ തേടി ശനിയാഴ്ച്ച രാവിലെയാണ് രവീന്ദ്രന് നായര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോവിഭാഗത്തില്‍ എത്തിയത്. ഡോക്ടറെ കണ്ട ശേഷം ചികിത്സയുടെ രേഖകള്‍ എടുക്കാന്‍ വേണ്ടി വീട്ടില്‍ വന്നു. രവീന്ദ്രന് നായര്‍ തിരികെ വീണ്ടും ആശുപത്രിയല്‍ എത്തി. നടുവ് വേദന കലശലായതിനാല്‍ ഒന്നാം നിലയിലേയ്ക്ക് പോകാന്‍ വേണ്ടി രവീന്ദ്രന് നായര്‍ ലിഫ്റ്റില്‍ കയറി്. ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നെങ്കിലും പൊടുന്നനെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമര്‍ത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്തില്ല. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണ് പൊട്ടിയതിനാല്‍ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല.
അതേസമയം രവീന്ദ്രന് നായരെ കാണാതായതോടെ കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് ഇന്ന് രാവിലെ ഓപ്പറേറ്റര്‍ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയില്‍ കിടക്കുന്ന രവീന്ദ്രന് നായരെ കണ്ടെത്തിയത്. ലിഫ്റ്റിന് മുന്നേ തകരാര്‍ ഉണ്ടായിരുന്നുവെന്നാണു ഓപ്പറേറ്റര്‍ പറയുന്നത്. എന്നാല്‍ തകരാറിലുള്ള ലിഫ്റ്റിന് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രന് നായരുടെ കുടംബം ആരോപിക്കുന്നു. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് രവീന്ദ്രന് നായരുടെ കുടുംബം.