ബീഹാറിലെ ബെഗുസാരായില്‍ 12 വയസുകാരനെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മോഷണം നടത്തിയെന്ന് സംശയിച്ചാണ് മൂന്നംഗ സംഘത്തിന്റെ മൃഗീയമായ ഈ നടപടി. മൂന്ന് പേര്‍ ചേര്‍ന്ന് കൊച്ചു പയ്യനെ വടികൊണ്ട് മര്‍ദിച്ചവശനാക്കിയാണ് റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടത്. സമീപത്തെ കടയില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു കുട്ടിയെ മര്‍ദ്ദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പുറത്തു വന്നിരുന്നു. കുട്ടിയെ റെയില്‍വെ ട്രാക്കില്‍ ബന്ധിച്ചിരിക്കുന്നത് കണ്ടാല്‍ അസ്വസ്ഥത തോന്നും.
അതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടിരിക്കുന്നതും കൈയില്‍ വടിയുമായി ഒരാള്‍ തലയുയര്‍ത്തി നില്‍ക്കുന്നതും കാണാം. രാഷ്ട്രീയ ചരിത്രം കൊണ്ട് ബീഹാറിലെ ലെനിന്‍ഗ്രാഡ് എന്നു വിളിക്കുന്ന ബെഗോസരായ് ജില്ലയിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ചതായി ആരോപിക്കപ്പെടുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലഖ്മിനിയ റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ലോക്കല്‍ പോലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റോഷന്‍ കുമാര്‍, ജയറാം ചൗധരി, രാഹുല്‍ കുമാര്‍ എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണം നടത്തിയെന്ന തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആളുകള്‍ തന്റെ മകനെ മര്‍ദ്ദിച്ചതെന്ന് ഇരയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പറയുന്നു.
2023 ഒക്ടോബറില്‍, ഒരു കടയില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാല് ആണ്‍കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സമാനമായ സംഭവം ബെഗുസാരായിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ‘കുര്‍കുറെ, ബിസ്‌ക്കറ്റ് പാക്കറ്റുകള്‍’ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ആണ്‍കുട്ടികളെ ആളുകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.
CONTENT HIGHLIGHTS;Brutality in Bihar Begusarai; A 12-year-old boy was tied to a railway track and beaten up on suspicion of theft