Sports

ടി20 ലോകകപ്പില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറും, ഇന്ത്യയ്ക്കുള്ള മറുപടിയോ?

അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്മാറിയാല്‍ 2026ല്‍ ഇന്ത്യയും-ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വമരുളുന്ന ടി20 ലോകകപ്പില്‍ നിന്നും പിന്മാറുമെന്ന് പാകിസ്ഥാന്‍. 2015 ലെ ചാമ്പ്യന്‍സ് ട്രോഫി പൂര്‍ണമായും പാകിസ്ഥാനില്‍ വെച്ചാണ് നടക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിനുമിടയില്‍ നടക്കാനിരിക്കുന്ന മിനി വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ ബിസിസിഐ വിമുഖത കാട്ടുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളോടുള്ള പ്രതികരണമായാണ് പിസിബിയുടെ പുതിയ നീക്കം. ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാനില്‍ നിന്നും മാറ്റി യുഎഇയിലോ, ശ്രീലങ്കയിലോ നടത്തണമെന്ന് ബിസിസിഐ ആലോചിക്കുന്നതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഹൈബ്രിഡ് മോഡലിലുള്ള ഐസിസിയുടെ എല്ലാ പരിഗണകളും നിരസിച്ചുകൊണ്ട് 2025 ചാമ്പ്യന്‍സ് ട്രോഫി പൂര്‍ണ്ണമായും പാകിസ്ഥാനിലെ വിവിധയിടങ്ങളില്‍ തന്നെ നടത്താനാണ് പിസിബിയുടെ തീരുമാനമെന്ന് ജിയോ ടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ ടൂര്‍ണമെന്റും പാകിസ്ഥാനില്‍ ആതിഥേയത്വം വഹിക്കുന്നതില്‍ പിസിബി ഉറച്ചുനില്‍ക്കുന്നു, ജൂലൈ 19-22 വരെ കൊളംബോയില്‍ നടക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഹൈബ്രിഡ് മോഡല്‍ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുമെന്ന് പിസിബി വക്താവിനെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

വഷളായ രാഷ്ട്രീയ ബന്ധങ്ങളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത്, 2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല. 2012 ഡിസംബര്‍ മുതല്‍ 2013 ജനുവരി വരെ ഇന്ത്യയില്‍ നടന്ന ഉഭയകക്ഷി പരമ്പര ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന പരമ്പരയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കായി ഒരു ഹൈബ്രിഡ് മോഡല്‍ നടപ്പിലാക്കാന്‍ ഐസിസിയോട് അഭ്യര്‍ത്ഥിക്കുമെന്ന് ബിസിസിഐ സൂചന നല്‍കി, ഇന്ത്യയെ അവരുടെ മത്സരങ്ങള്‍ നിഷ്പക്ഷ രാജ്യത്ത് കളിക്കാന്‍ അനുവദിക്കാന്‍ ആവശ്യപ്പെടുന്നത്. 2008 ലെ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം രാഷ്ട്രീയവും സുരക്ഷാ പ്രശ്‌നങ്ങളും കടുത്തതോടെ അതിനുശേഷം ഉഭയകക്ഷി പരമ്പരകള്‍ നിര്‍ത്തിവച്ചു. 2008ല്‍ ഏഷ്യാ കപ്പിനായി ഇന്ത്യ അവസാനമായി പാക്കിസ്ഥാനില്‍ പര്യടനം നടത്തി. നിഷ്പക്ഷ വേദികളില്‍ നടക്കുന്ന ഐസിസി ഇവന്റുകളിലോ ഏഷ്യാ കപ്പ് ടൂര്‍ണമെന്റുകളിലോ മാത്രമാണ് രാജ്യങ്ങള്‍ ഏറ്റുമുട്ടിയത്. 2023 ലെ ഏഷ്യാ കപ്പിലും സമാനമായ കാര്യം നടന്നു. അവിടെ ബിസിസിഐ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചത് ഒരു ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കുന്നതിലേക്ക് നയിച്ചു. ടൂര്‍ണമെന്റ് തുടരാന്‍ ഇത് അനുവദിച്ചെങ്കിലും, സെമി-ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പാക്കിസ്ഥാന് നഷ്ടമായി. ഈ ഫലം മുന്നിലുള്ളതുകൊണ്ടാണ് 2025 ലെ ചാമ്പ്യന്‍സ് ട്രോഫി പൂര്‍ണമായും പാകിസ്ഥാന്‍ മണ്ണില്‍ നടത്താന്‍ പിസിബിയെ പ്രേരിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ മികച്ച സമയത്തിലൂടെ കടന്നു പോകുന്ന ഐസിസിക്ക് ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റിലെ ഭിന്നത തലവേദനയാകുന്നു. കൊളംബോയില്‍ നടക്കാനിരിക്കുന്ന ഐസിസി വാര്‍ഷിക സമ്മേളനം 2025 ചാമ്പ്യന്‍സ് ട്രോഫി പൂര്‍ണമായും പാകിസ്ഥാനില്‍ നടത്താനുള്ള നീക്കവുമായിട്ടാണ് പിസിബി മുന്നോട്ട് പോകുന്നത്.