സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് പോകുന്ന ഒന്നാണ് നമ്മുടെ മുടി. വെള്ളം മാറി ഒന്ന് കുളിച്ചാൽ പോലും മുടി കൊഴിയാറുണ്ട് പലർക്കും. അതുകൊണ്ടു തന്നെ മുടിയിൽ ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും വളരെ സൂക്ഷിച്ചുവേണം തിരഞ്ഞെടുക്കാൻ. മുടിയ്ക്ക് നൽകുന്ന അടിസ്ഥാന പരിചരണത്തിലൊന്നാണ് മുടിയിൽ ഷാംപുവും കണ്ടീഷണറുമിടുന്നത്. മുടി വ്യത്തിയായി സൂക്ഷിക്കാൻ ഷാംപൂ വളരെ പ്രധാനമാണ്. മുടിയിലെ അഴുക്കും മറ്റും കളയാനാണ് ഇത് ചെയ്യുന്നത്. ദിവസവും മുടി കഴുകുന്നുവർ മുതൽ ആഴ്ചയിൽ ഒരിക്കൽ കഴുക്കുന്നവർ വരെയുണ്ട്. എങ്ങനെ മുടിയുള്ളവർ ഏതൊക്കെ രീതിയിൽ മുടി കഴുകണമെന്ന് നോക്കാം.
ചിലർക്ക് തലയോട്ടി അമിതമായി എണ്ണ പുറപ്പെടുവിക്കുന്നത് മൂലം മുടി എപ്പോഴും ഒട്ടി പിടിച്ച് ഇരിക്കാറാണ് പതിവ്. മുടിയിലെ ഈ അമിതമായ എണ്ണമയം ഒറ്റ ദിവസം കഴുകിയാലും പിന്നെയും മുടി ഒട്ടി പിടിച്ചിരിക്കാൻ കാരണമാകാറുണ്ട്. എണ്ണമയമുള്ള മുടിയുള്ളവർക്ക് മറ്റ് മുടിയുള്ളവരെ അപേക്ഷിച്ച് എപ്പോഴും കഴുകേണ്ട അവസ്ഥയാണ്. ചിലപ്പോൾ ഒരു ദിവസം ഇടവിട്ടോ അല്ലെങ്കിൽ ദിവസവും കഴുകണം. കാരണം അമിതമായി എണ്ണമയം മുടിയിലിരിക്കുന്നത് മുടിയിൽ പുറമെ നിന്നുള്ള അഴുക്കുകൾ അടിഞ്ഞ് കൂടാൻ ഇടയാക്കും. സൽഫേറ്റ് ഇല്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ വേണം മുടി കഴുകാൻ ഉപയോഗിക്കാൻ. അമിതമായി എണ്ണമയം ഉണ്ടാകുന്നത് തടയാൻ ഈ ഷംപൂ സഹായിക്കും.
പൊതുവെ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള മുടിയാണ് ചുരുണ്ട മുടി. ചുരുണ്ട മുടി പൊതുവെ സ്വാഭാവികമായി വരണ്ടാണ് ഇരിക്കുന്നത്. പരുക്കനും അതുപോലെ കുറച്ച് കട്ടിയുള്ളതുമായിരിക്കും ഈ മുടിയുടെ ഘടന. നേരെയുള്ള മുടിയെ അപേക്ഷിച്ച് ചുരുണ്ട മുടിയിഴകളിലൂടെ എളുപ്പത്തിൽ തലയോട്ടിയിലെ എണ്ണകൾ സഞ്ചരിക്കാറുണ്ട്. പക്ഷെ ചുരുണ്ട് ഇരിക്കുന്നത് ഈ എണ്ണകളെ തടസപ്പെടുത്തുകയും മുടിയെ വരണ്ടതാക്കുകയും ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഷാംപൂ ചെയ്യുന്നതായിരിക്കും ഇതിൽ നല്ലത്. നല്ല മോയ്ചറൈസറായിട്ടുള്ള ഷാംപൂ വേണം തിരഞ്ഞെടുക്കാൻ
എല്ലാ സ്റ്റൈല്ലുകളും പറ്റുന്നതാണ് സാധാരണ മുടി. ഇത് അമിതമായി എണ്ണമയവും കാണില്ല എന്നാൽ വരണ്ട് പോകുകയും ഇല്ല. സാധാരണ മുടിയുള്ള ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴുകുന്നതായിരിക്കും ഉചിതം. ഇത് തലമുടിയ്ക്ക് ആവശ്യമായ എണ്ണമയം നിലനിർത്തി നല്ല രീതിയിൽ മെയ്ൻ്റേൻ ചെയ്യാൻ സഹായിക്കും. തലയോട്ടിയിലെ സ്വാഭാവിക എണ്ണകളെ ശരിയായ അളവിൽ നിയന്ത്രിക്കുന്ന വീര്യം കുറഞ്ഞ ഷാംപൂ വേണം ഉപയോഗിക്കാൻ.
പൊതുവെ വരണ്ട മുടി കാത്തു സംരക്ഷിക്കാൻ വളരെ ബുദ്ധിമുട്ടാണ്. പല കാരണങ്ങൾ കൊണ്ട് മുടി വരണ്ട് പോകാം. ഇത്തരം മുടികളുടെ അറ്റം പിളരുന്നതും സാധാരണമാണ്. വരണ്ട മുടിയുള്ളവർ എപ്പോഴും മുടി കഴുകുന്നത് മുടിയിലെ എണ്ണമയം ഇല്ലാതാക്കാൻ കാരണമാകും. ഇത് മുടിയെ കൂടുതൽ വരണ്ടതാക്കാനും അതുപോലെ പൊട്ടി പോകാനും ഇടയാക്കും. വരണ്ട മുടി ഉള്ളവർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകിയാൽ മതിയാകും. നല്ല ജലാംശം നൽകുന്ന തരത്തിലുള്ള ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കാൻ ശ്രമിക്കുക.
content highlight: how-to-shampoo-your-hair-in-a-week