സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സംയുക്തമായി നിവേദനം നല്‍കാന്‍ എം.പിമാരുടെ യോഗം തീരുമാനിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എം.പി മാരുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടല്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എം.പിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം കിട്ടാന്‍ ഒന്നിച്ചുള്ള ശ്രമങ്ങള്‍ക്ക് തയ്യാറാണെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. നാടിന്റെ പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കാനാവണമെന്നും വേണുഗോപാലിന്റെ വാഗ്ദാനം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രപദ്ധതികളുടെ സമയ ബന്ധിതമായ പൂര്‍ത്തീകരണത്തിനും ഫണ്ട് വിനിയോഗത്തിനും നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം.പിമാരെ അറിയിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാര്‍ലമെന്റംഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. എറണാകുളം ആലുവ താലൂക്കില്‍ ഗ്ലോബല്‍ സിറ്റി പദ്ധതിക്കായി ഭൂമിയേറ്റെടുക്കലിനുള്ള ഭരണാനുമതിയടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. പദ്ധതി നിര്‍ത്തിവെക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരുത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തും.
തിരുവനന്തപുരം തോന്നക്കലില്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് ആരംഭിക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ശരാശരി 16 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാന വിഹിതിമായിരുന്ന സ്ഥാനത്ത് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാസാക്കിയതിനു ശേഷം 14.25 ലക്ഷം ടണ്‍ അരി മാത്രമാണ് ലഭിക്കുന്നത്. ഒരു മാസം വിതരണം ചെയ്യുന്ന അരിക്ക് പരിധി നിശ്ചയിച്ചതും അധികമായ വിതരണത്തിന് പിഴ നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് യോജിച്ചതല്ല. ഇത് തിരുത്തിക്കാന്‍ ഇടപെടണം.
കോഴിക്കോട് കിനാലൂരില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനുള്ള സമ്മര്‍ദം ചെലുത്തും. ദേശീയ ആരോഗ്യമിഷന്‍ പദ്ധതി വിഹിതത്തില്‍ കഴിഞ്ഞതവണത്തെ ആയിരം കോടിയോളം രൂപ ലഭിക്കാനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തും. കണ്ണൂര്‍ അന്താരാഷട്ര വിമാനത്താവള വികസനത്തിന്റെ ഭാഗമായി അന്താഷ്ട്ര വ്യോമയാന റൂട്ട് അനുവദിക്കുന്നതിനും സാര്‍ക്ക് / അസിയാന്‍ ഓപ്പണ്‍ സ്‌കൈ പോളിസിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. ഫ്‌ളൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
തലശ്ശേരി -മൈസൂര്‍, നിലമ്പൂര്‍ – നഞ്ചന്‍കോട്, കാഞ്ഞങ്ങാട് – കണിയൂര്‍ പാണത്തൂര്‍ ശബരി റെയില്‍ പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ ഇന്ത്യന്‍ റയില്‍വേയിലും കേന്ദ്രസര്‍ക്കാരിലും ഇടപെടും. നാഷണല്‍ ഹൈവേ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നബാധിത സ്ഥലങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കും. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ട് കത്തുകള്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍കണ്ടും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടുകളിലും ഗ്രാന്റുകളിലും കുറവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ 24,000 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ബ്രാന്‍ഡിങ്ങിന്റെ പേരില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട പല പദ്ധതികള്‍ക്കുമുള്ള ധനസഹായം അനുവദിക്കാത്തതും സൂചിപ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 5000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കടുത്ത വരള്‍ച്ച നേരിട്ട സാഹചര്യത്തില്‍ കര്‍ഷകരുടെ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും മറി കടക്കുന്നതിനുള്ള പാക്കേജും ലഭ്യമാക്കണം.
വനം- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കാനാവശ്യമായ ഇടപെടല്‍ ഉണ്ടാകും. കേന്ദ്ര വന നിയമത്തില്‍ കാലാചിതമായ മാറ്റത്തിനു വേണ്ടി ശ്രമിക്കും. തീരദേശ പരിപാലന നിയമത്തിലെ ഇളവുകള്‍ നിലവില്‍ 66 ഗ്രാമപ്പഞ്ചായത്തുകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. തദേശസ്വയം ഭരണ വകുപ്പിന്റെ വിഞ്ജാപന പ്രകാരം ഉള്‍പ്പെട്ട 109 തീരദേശ ഗ്രാമപ്പഞ്ചായത്തുകളെ കൂടി ഇളവ് ബാധകമാക്കുന്നതിനാവശ്യമായ നടപടികളെ ഏകോപ്പിക്കുമെന്നും പാര്‍ലമെന്റംഗങ്ങളെ മുഖ്യമന്ത്രിയെ അറിയിച്ചു.
മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി. പ്രസാദ്, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി. രാജീവ്, പി.എ മുഹമ്മദ് റിയാസ്, എം.ബി രാജേഷ്, വീണാ ജോര്‍ജ്, എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, കെ. രാധാകൃഷ്ണന്‍, ബെന്നി ബഹന്നാന്‍, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍, അബ്ദുള്‍ സമദ് സമദാനി, ജെ.ബി മേത്തര്‍, എ.എ റഹീം, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, ഷാഫി പറമ്പില്‍, ഫ്രാന്‍സിസ് ജോര്‍ജ്, പി.പി സുനീര്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു യോഗത്തിന് സ്വാഗതം ആശംസിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
CONTENT HIGHLIGHTS;Issues related to finance sector: MPs meeting decided to submit a joint petition