വയനാടിന്റെ നെറുകയില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടിയിലെ കാഴ്ച കേരളത്തില്‍ തന്നെ മറ്റെങ്ങും കണ്ടെത്താന്‍ കഴിയാത്ത മനോഹര കാഴ്ചയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രക്കിംഗ് സ്ഥലങ്ങളില്‍ ഒന്നാണ് ചെമ്പ്ര കൊടുമുടി. വയനാട് ജില്ലയിലെ കല്‍പ്പറ്റിയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണിത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണിത്. എല്ലാവര്‍ഷം ഇവിടെ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് വനം വകുപ്പാണ്. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികള്‍ക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു.
കൊടുമുടിക്ക് മുകളില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഈ തടാകം ഒരിക്കലും വറ്റിയിട്ടില്ല എന്നാണു വിശ്വസിക്കപ്പെടുന്നത്. കൊടുമുടിയിലേക്കുള്ള പാതയുടെ മധ്യത്തിലായി ഈ തടാകം കാണാം. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്. തടാകത്തില്‍ എത്തിയതിനുശേഷം ഒന്ന് – രണ്ട് കിലോമീറ്റര്‍ കൊടും വനത്തിലൂടെ വേണം യാത്ര ചെയ്യാന്‍. മേപ്പാടി ടൗണില്‍നിന്നും എരുമക്കൊള്ളിയിലെ ചായ തോട്ടങ്ങള്‍ക്കിടയിലൂടെ 5 കിലോമീറ്റര്‍ യാത്ര.
വയനാട്ടിലെ ലക്കിടി കഴിഞ്ഞ് ദേശീയപാത 212ലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചുണ്ടേല്‍ ടൗണെത്തും. ഇവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയെത്തും. ഇവിടെ നിന്ന് വലത്തേക്ക് കിടക്കുന്ന റോഡിലേക്ക് പ്രവേശിക്കുക. നാലു കിലോമീറ്റര്‍ വീണ്ടും സഞ്ചരിച്ചാല്‍ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ കാണാം.
വനം വകുപ്പിന്റെ ചെമ്പ്ര പീക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് ട്രെക്കിംഗ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഓഫീസില്‍ നിന്ന് ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഏഴ് വരെയാണ് ട്രെക്കിങ്ങിനുള്ള സമയം. മഴയുള്ള സമയത്ത് ട്രെക്കിംഗ് ബുദ്ധിമുട്ടായിരിക്കും. മലയില്ലാത്ത കാലാവസ്ഥയില്‍ ചെമ്പ്ര മനോഹരിയായിരിക്കും. ഗൈഡിന്റെ സേവനവും ഇവിടെ ലഭ്യമാണ്. അത് വളരെ ഉപയോഗപ്രദമായിരിക്കും. കൊടുമുടിയുടെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂര്‍ എടുക്കും, മുകളില്‍ എത്തിയാല്‍ വയനാട് ജില്ല പൂര്‍ണമായി കാണാന്‍ സാധിക്കും.