Crime

പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഗ്രേഡ് എ.എസ്.ഐ സ്ഥിരം പ്രശ്‌നക്കാരന്‍

കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഗ്രേഡ് എ.എസ്.ഐ സന്തോഷ് കുമാര്‍ സ്ഥിരം പ്രശ്‌നക്കാരനെന്ന് സഹപ്രവര്‍ത്തകര്‍. ഡ്യുട്ടിക്കിടെ പല തവണ പ്രശ്‌നനമുണ്ടാക്കിയ സന്തോഷ് കുമാറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി മെസില്‍ ഉള്‍പ്പടെ മാറ്റിയിരുന്നു. സഹപ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചീത്തവീളിക്കുകയും ചെയ്തതില്‍ നിരവധി പരാതികളാണ് ജില്ലാ പോലീസ് മേധാവിക്ക് പോയിട്ടുള്ളത്. ഡ്യൂട്ടിക്ക് കയറിയിട്ട് മുങ്ങുന്ന പതിവുള്ള സന്തോഷ് കുമാറിനെതിരെ അച്ചടക്കനടപടിയുടെ ഭാഗമായി മെസിലെക്ക് മാറ്റിയെങ്കിലും അവിടെയും തരികിട വേലകള്‍ നടത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പതിനാറിന് പുലര്‍ച്ചെ നഗരത്തിലെ കാള്‍ടെക്‌സ് ജങ്ഷനിലെ പമ്പിലേക്ക് പൊലീസ് ജീപ്പ് ഓടിച്ചുകയറ്റി കാര്‍ ഇടിച്ചു തെറിപ്പിച്ചതും സന്തോഷായിരുന്നു. അന്ന് കാറില്‍ ഇടിച്ച ജീപ്പ് പെട്രോള്‍ പമ്പും തകര്‍ത്താണ് നിന്നത്. ഈ കേസില്‍ സന്തോഷ് കുമാര്‍ അകത്താകുകയായിരുന്നു. ജില്ലാ മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സന്തോഷ്‌കുമാറിനോട് മേല്‍ ഉദ്യോഗസഥന്‍ അവശ്യപ്പെട്ടു. ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

അതേ സമയം പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഗ്രേഡ് എ.എസ്.ഐ സന്തോഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന് പമ്പ് ജീവനക്കാരനായ അനിലിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്റര്‍ കാറോടിച്ചായിരുന്നു പൊലീസുകാരന്‍ പ്രതികാരം വീട്ടിയത്. തുടര്‍ന്ന് സന്തോഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്തിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സന്തോഷിനെ റിമാന്‍ഡ് ചെയ്തത്. വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി തന്നെ ഇയാളെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ഇയാളെ സബ് ജയിലിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ ടൗണിലെ എന്‍.കെ.ബി.ടി പമ്പില്‍ ജീവനക്കാരനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്. ഇന്ധനം നിറച്ചതിന്റെ മുഴുവന്‍ പണവും ചോദിച്ച പമ്പ് ജീവനക്കാരന്‍ അനില്‍ കുമാറിനെ ഇടിച്ചുതെറിപ്പിച്ച് സന്തോഷ് കാറോടിച്ചുപോയത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് തെറിച്ചുവീണ അനിലുമായി അര കിലോമീറ്റര്‍ അകലെ ട്രാഫിക് സ്റ്റേഷന്‍ വരെ സന്തോഷ് വണ്ടി ഓടിച്ചു.