ഇടുക്കി ജില്ലയിലെ രാജാക്കാട് നിന്ന് നാലര കിലോമീറ്റര്‍ അകലെയാണ് കളളിമാലി വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത്. പൊന്‍മുടി റിസര്‍വോയറിന്റെയും അതിലെ ദ്വീപിന്റെയും അതിന്റെ വൃഷ്ടിപ്രദേശങ്ങളുടെയും കാടുകളാല്‍ നിബിഡമായ വിദൂര ദൃശ്യങ്ങള്‍ കളളിമാലിയില്‍ നിന്ന് കാണാന്‍ സാധിക്കുന്നു. കാഴ്ചയ്ക്ക് പുറമേ, സുഖകരമായ കാറ്റിന്റെ ലാളനയും നിങ്ങള്‍ക്ക് ആസ്വദിക്കാം. ട്രെക്കിംഗ് ആസ്വദിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിവിടം. പ്രകൃതിരമണീയതയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമാണ് ഈ സ്ഥലം.
പൊന്മുടി അണക്കെട്ടിന്റെ ക്യാച്‌മെന്റ് ഏരിയാ ആണ് കള്ളിമാലി. അതിനാല്‍ നോക്കി നിന്നു പോകുന്ന തരത്തിലുള്ള, മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഒരു കുന്നിനു മുകളില്‍ കള്ളിമാലി വ്യൂ പോയിന്റില്‍ നിന്നാല്‍ പൊന്മുടി ഡാമിന്റെ റിസര്‍വോയറിന്റെയും അതിനുള്ളിലെ ചെറിയ ദ്വീപുകളുടെയും വിദൂര ദൃശ്യങ്ങള്‍ ആസ്വദിക്കാം. പരന്നു കിടക്കുന്ന ജലാശയം ചിലയിടങ്ങളില്‍ അല്‍പം ഇറങ്ങിക്കിടക്കുന്നതായും ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. മറ്റൊരിടത്തേയ്ക്കു നോക്കിയാല്‍ കുറച്ചധികം കരയോട് കയറിക്കിടക്കുന്നതായും കാണാം. ഇതിനു നടുവിലായി വെള്ളത്തിനു മുകളില്‍ പൊങ്ങി നില്‍ക്കുന്ന ദ്വീപുകളുടെ കാഴ്ച ഗംഭീരമാണ്. പൊന്മുടി അണക്കെട്ടിന്റെ ആകാശക്കാഴ്ച പോലെ ഒരു ദൃശ്യവും ഇവിടെ കാണാം.
വ്യൂ പോയിന്റ് മാത്രമല്ല, പൊന്മുടി ഡാം, വിവിധ ഇടങ്ങളില്‍ നിന്നായി പൊന്മുടി ഡാം കാണാനുള്ള വ്യൂ പോയിന്റുകള്‍, കുത്തുങ്കല്‍ വെള്ളച്ചാട്ടം, ശ്രീനാരായണപുരം വെള്ളച്ചാട്ടം,വെള്ളത്തൂവലിലെ പവര്‍ഹൗസുകള്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ കൂടി ഇവിടെ കാണാനുണ്ട്. ഈ യാത്രയുടെ റൂട്ടും അതിമനോഹരമാണ്. റോഡിന് ഇരുവശത്തുമുള്ള കാഴ്ചകള്‍ തന്നെ എടുത്തുപറയേണ്ടതാണ്. പിന്നെ ഏലക്കാടുകളിലൂടെ കടന്നുള്ള ഡ്രൈവും, മഴക്കാലത്താണെങ്കില്‍ വെള്ളച്ചാട്ടങ്ങളും വെള്ളത്തൂവലും കല്ലാര്‍കുട്ടിയും ഒക്കെ കണ്ട് ഒരു കംപ്ലീറ്റ് യാത്രാ പാക്കേജാണ് കള്ളിമാലി നല്‍കുന്നത്.
മൂന്നാറില്‍ നിന്ന് കള്ളിമാലി വ്യൂ പോയിന്റിലേക്ക് വരാന്‍ ആനച്ചാല്‍ – കുഞ്ചിത്തണ്ണി റോഡ് വഴി 28.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. ഒരു മണിക്കൂറിനടുത്ത് സമയം വേണം ഈ വഴി എത്തുവാന്‍. എറണാകുളത്ത് നിന്നു വരുമ്പോള്‍ മൂവാറ്റുപുഴ വഴി വണ്ണപ്പുറം കയറി വെണ്‍മണി- കല്ലാര്‍കുട്ടി- പന്നിയാര്‍കുട്ടി – പൊന്‍മുടി ഡാം വഴി എത്താം. 116 കിലോമീറ്ററാണ് ആകെ സഞ്ചരിക്കേണ്ടത്. നെടുങ്കണ്ടത്തു നിന്ന് രാജാക്കാട് വഴി കള്ളിമാലി വ്യൂ പോയിന്റിലേക്ക് 25 കിലോമീറ്ററാണ് ദൂരം.