കേരളത്തിലെ ആദ്യ ടൂറിസം വില്ലേജായ കുമ്പളങ്ങിയിലെ രാത്രികളെ മനോഹരമാക്കുന്ന അദ്ഭുത വെളിച്ചമായ കവര് കണ്ടിട്ടുണ്ടോ? വേനല്‍ക്കാലത്ത് ശാന്തമായി കിടക്കുന്ന കുമ്പളങ്ങിയിലെ കായലുകളിൽ ഓളം തട്ടുമ്പോൾ ഒരു നീല വെളിച്ചം തെളിയും അതാണ് കവര്. മാർച്ച് മാസം മുതലാണ് കവര് കണ്ട് തുടങ്ങുന്നത്. ഇരുട്ടുള്ള രാത്രികളിൽ കുമ്പളങ്ങിയിലെ കായലിലും മറ്റു വെള്ളക്കെട്ടുകളിലുമെല്ലാം കവര് പ്രത്യക്ഷമായിത്തുടങ്ങും.
ബയോലൂമിനസെൻസ് എന്ന പ്രതിഭാസത്തെ ആണ് ഇവിടെ ‘കവര്’ എന്ന് വിളിക്കുന്നത്. ബാക്ടീരിയ, ആൽഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ് ബയോലൂമിനസെൻസ്. ശത്രുക്കളിൽ നിന്നും രക്ഷനേടാനും ഇണയെ ആകർഷിക്കനുമെല്ലാമായിട്ടാണ് ഈ സൂക്ഷമ ജീവികൾ ഈ പ്രകാശം പുറപ്പെടുവിക്കുന്നത്. കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ഈപ്രതിഭാസം കാണപ്പെടുന്നത്. വേനൽ കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാൻ കാരണം. ഇരുട്ടിൽ കായലിൽ തെളിയുന്ന ഈ നീല വെളിച്ചം കാണാൻ ഒത്തിരി ആളുകൾ എത്തുന്നുണ്ടെങ്കിലും എല്ലാവർക്കും കവര് കാണാൻ കഴിയാറില്ല.
കവര് നന്നായി ദൃശ്യമാകണമെങ്കിൽ ഇരുട്ട് ആവശ്യമാണ് ഇരുട്ട് കൂടുന്നതനുസരിച്ച് കവരിന്റെ നിറവും കൂടുമെന്നാണ് ഇവിടുള്ളവർ പറയുന്നത്. കുമ്പളങ്ങിയിൽ സ്ഥിരമായി കവരു കാണുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിലുണ്ട്. പുറത്തു നിന്ന് വരുന്ന ആളുകൾക്ക് എത്തിപ്പെടാൻ പറ്റാത്ത മേഖലകളിലും കവരുണ്ട് അത് കാണണമെങ്കിൽ പ്രദേശവാസികളുടെ സഹായം തേടേണ്ടി വരും. ഇരുന്നൂറ് രൂപ നൽകിയാൽ തോണിയിൽ കായലിന്റെ ഉൾഭാഗങ്ങളിൽ കൊണ്ടുപോയി കവര് കാണിക്കുന്ന ആളുകളും ഇവിടെയുണ്ട്