ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യമാവശ്യപ്പെട്ട് ശിവന്‍കുട്ടി കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ചു. അതേസമയം തൊഴിലാളിയുടെ മരണത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നും റെയില്‍വേയെ പഴിചാരി ഒളിച്ചോടാനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നതുമെന്നാണ് ബിജെപി സംസ്ഥാന അധ്യാക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. മനഃപൂര്‍വമായ നരഹത്യക്ക് മേയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ജോയിയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ തോട് വ്യത്തിയാക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായിട്ടില്ലെന്നാണ് റെയില്‍വേ എഡിആര്‍എം എം ആര്‍ വിജി പറയുന്നത്. റെയില്‍വേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോര്‍പ്പറേഷനാണെന്നാണ് റെയില്‍വേയുടെ നിലപാട്.ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പ്രതികരിച്ചത്.
‘മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിന് ശേഷവും ജോയിയെ ജീവനോടെ കണ്ടെത്താന്‍ കഴിയാതെ പോയത് അത്രയധികം മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത് കൊണ്ടാണ്. ഇത് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയമാണ്. ജീവന്‍ പണയപ്പെടുത്തി ജോയിയെ കണ്ടെത്താനായി ആമയിഴഞ്ചാന്‍ തോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് സുത്യര്‍ഹമായ സേവനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടേണ്ടതാണ്. സുധാകരന്‍ പറഞ്ഞു.
ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് വഞ്ചിയൂര്‍ ഭാഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയെ കണ്ടെത്താന്‍ 46 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെന്‍ റോബോട്ടിക്സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കിയിരുന്നു.