ദുബൈ: വേനല്‍ കടുക്കുന്നതിനാല്‍ ദുബൈയിലെ ഡെലിവറി ജീവനക്കാര്‍ക്കായി വാട്ടര്‍ ഡിസ്‌പെന്‍സേഴ്‌സ് പദ്ധതിയുമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി. ദിവസം നൂറ് ലീറ്റര്‍ കുടിവെള്ളം വരെ ലഭിക്കുന്ന എയര്‍ ടു വാട്ടര്‍ ഡിസ്‌പെന്‍സറുകളാണ് ഡെലിവറി ജീവനക്കാര്‍ക്കായ് ഒരുക്കിയിരിക്കുന്നത്. ഡെലിവറി ജീവനക്കാര്‍ക്കായ് നിര്‍മ്മിച്ച വിശ്രമകേന്ദ്രങ്ങളിലാണ് ഇത്തരത്തില്‍ വാട്ടര്‍ ഡിസ്‌പെന്‍സേഴ്‌സ് സ്ഥാപിക്കുക.
അന്തരീക്ഷത്തിലെ ഈര്‍പ്പത്തെ കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു വിശ്രമകേന്ദ്രത്തില്‍ മൂന്ന് വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ നല്‍കാനാണ് പദ്ധതി. മാജിദ താല്‍ ഫൂത്തെയിം ഗ്രൂപ്പുമായി സഹകരിച്ചാണ് ആര്‍ടിഎ പദ്ധതി നടപ്പാക്കുന്നത്.
ഡെലിവറി ജീവനക്കാര്‍ക്കായി 40 എ.സി. വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ആര്‍ടിഎയുടെ പദ്ധതിയുടെ തുടര്‍ച്ചയാണ് പുതിയ സംരംഭം. മിക്കയിടങ്ങളിലും വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവ മൂന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കും. പുതിയ പങ്കാളിത്തത്തിലൂടെ ഡെലവറി മേഖലയിലെ ജീവനക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ക്ഷേമം മെച്ചപ്പെടുത്തുകയുമാണ് ആര്‍ടിഎയുടെ ലക്ഷ്യം