സംസ്ഥാനത്ത് മഴക്കെടുതിയിൽ ചൊവ്വാഴ്ച മൂന്ന് മരണം. പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ നാട്ടുകാരെത്തി നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച രാത്രി ചുമരിടിഞ്ഞതായാണ് കരുതുന്നത്.
കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന(51) ആണ് മരിച്ചത്. വെള്ളക്കെട്ടിനടയിലുണ്ടായ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ്.
എംജെഒ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ന്യൂനമർദങ്ങളും രൂപംകൊണ്ടേക്കും. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.